കയ്പമംഗലം: കൂരിക്കുഴിയിൽ അതിമാരക സിന്തറ്റിക് മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. ചാമക്കാല പുഴങ്കരയില്ലത്ത് അബൂതാഹിർ (34) ആണ് പിടിയിലായത്. തൃശൂർ റൂറൽ ഡാൻസാഫ് ടീമും കയ്പമംഗലം പൊലിസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. തൃശൂർ റൂറൽ ജില്ലാ പൊലിസ് മേധാവി നവ്നീത് ശർമ്മക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പൊലിസ് സംഘം നടത്തിയ പരിശോധനയിലാണ് സിന്തറ്റിക് മയക്കുമരുന്നായ 7 ഗ്രാമം എം ഡിഎംഎയുമായി പ്രതിയെ പിടികൂടിയത്.
തൃശൂർ റൂറൽ ഡാൻസാഫ്ഡി ഡിവൈഎസ്പി എൻ. മുരളീധരൻ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി സന്തോഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കയ്പമംഗലം എസ്എച്ച്ഒ ഷാജഹാൻ, എസ്ഐ മുഹമ്മദ് സിയാദ്, തൃശൂർ റൂറൽ ഡാൻസാഫ് എസ്ഐ സി.ആർ. പ്രദീപ്, സിപിഒമാരായ ലിജു ഇയ്യാനി, എം.വി. മാനുവൽ, സോണി സേവിയർ, സിപിഒ നിഷാന്ത്, പ്രിയ, ഗിരീഷ്, ധനേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ മയക്കുമരുന്ന് തീരദേശ മേഖലയിൽ വിൽപന നടത്തുന്നതിനായി കൊണ്ടുവന്നതാണ്. പിടിയിലായ പ്രതി തീരദേശ മേഖലയിലെ മയക്കുമരുന്ന് വിൽപ്പന നടത്തുന്ന ശൃംഖലയിലെ പ്രധാനകണ്ണിയാണ്. അന്വേഷണത്തിൽ പ്രതി ബാംഗ്ലൂർ നിന്നുമുള്ള സുഹൃത്തുക്കൾ വഴി മയക്കുമരുന്ന് വിൽപ്പന നടത്തുന്നതിനായി കൊണ്ടുവന്നതാണെന്ന് അറിവായിട്ടുണ്ട്. മയക്കുമരുന്ന് വാങ്ങിയ ആളുകളെയും വിൽപന നടത്തുന്നവരെയും കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.