എളവള്ളി: ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായുള്ള ചുമരുകൾ ബുക്ക് ചെയ്യുന്നതിനെ ചൊല്ലി പൂവ്വത്തൂരിൽ തർക്കം. പൂവ്വത്തൂർ അമ്പാട്ട് റോഡിലെ ഒരു ചുമരിനെ ചൊല്ലിയാണ് ഡിവൈഎഫ്ഐ പ്രവർത്തകരും എൻ ഡിഎ പ്രവർത്തകരും തമ്മിൽ രൂക്ഷമായതർക്കം നടന്നത്. ഡിവൈഎഫ്ഐ പ്രവർത്തകർ വെള്ളയടിച്ച് എഴുതാൻ പാകത്തിനാക്കിയിട്ട ചുമരിൽ എൻഡി എ ബുക്ക്ഡ് എന്ന് എഴുതിയതിനെ തുടർന്നാണ് പ്രശ്നമുണ്ടായത്.എൽഡി എഫ് വെള്ളയടിച്ച മതിലിൽ എൻഡിഎ ബുക്ക്ഡ് എഴുതിയതിനെ ചോദ്യം ചെയ്ത് ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്ത് വന്നു.
ഡിവൈഎഫ്ഐ മണലൂർ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ആഷിക്ക് വലിയകത്തിൻ്റെ നേതൃത്വത്തിൽ സിപിഐഎം ചിറ്റാട്ടുക്കര ലോക്കൽ കമ്മിറ്റി അംഗം ആർ.എ. അബ്ദുൾ ഹക്കീം, സിപിഐ എം പ്രവർത്തകരായ അശോകൻ മുക്കോല, ജിനേഷ് കെ. ജോസ്. എന്നിവരുടെ നേതൃത്വത്തിൽ തർക്കമതിലിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വേണ്ടി ശനിയാഴ്ച്ച ഉച്ചക്ക് ചുമരെഴുതുന്നതിനിടയിൽ എൻഡിഎയുടെ ഏതാനും പ്രവർത്തകർ ഇത് വഴി വന്നു. എൻഡിഎക്ക് വേണ്ടി ഉടമയോട് അനുവാദം വാങ്ങിയ ചുമരിലാണ് എൽഡിഎഫ് പ്രവർത്തകർ വെള്ളയടിച്ചെഴുതുന്നതെന്ന വാദവുമായി എതിർ സംഘം എത്തിയതോടെ തർക്കം രൂക്ഷമായി കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെ ചുമരിൻ്റെ ഉടമ ഇടപെട്ട് ഇരുകൂട്ടർക്കും ചുമര് നൽകുന്നില്ലെന്ന നിലപാടെടുത്തതോടെയാണ് തർക്കം അവസാനിപ്പിച്ച് ഇരു വിഭാഗവും പിരിഞ് പോയത്.