കൊടുങ്ങല്ലൂർ: മേത്തലയിൽ ജെസിബി ഉപയോഗിച്ച് മണ്ണെടുക്കുന്നതിനിടയിൽ പരിക്കേറ്റ മൂർഖൻ പാമ്പിനെ ശസ്ത്രക്രിയക്ക് വിധേയമാക്കി. ഇന്ന് രാവിലെ പതിനൊന്നരയോടെ മേത്തല കൊന്നച്ചുവടിന് സമീപം വഴി ശരിയാക്കുന്നതിനിടയിലാണ് ജെസിബിയുടെ ലോഡർ ബക്കറ്റ് തട്ടി പുല്ലാനി മൂർഖന് പരിക്കേറ്റത്.
തുടർന്ന് പരിസ്ഥിതി പ്രവർത്തകനായ താഹിർ അഴീക്കോട് പാമ്പിനെ കൊടുങ്ങല്ലൂർ വെറ്റിനറി ആശുപത്രിയിലെത്തിച്ചു. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ പാമ്പിനെ വെറ്റിനറി സർജ്ജൻ ഡോ.സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഡോക്ടർമാരായ ഗൗതം, കാവ്യ, ഹർഷ, കീർത്തന, ജിൻസി, സ്നേഹ എന്നിവരടങ്ങിയ സംഘം ശസ്ത്രക്രിയ നടത്തി. വിദഗ്ദ്ധ ചികിത്സക്കായി മണ്ണുത്തി വെറ്റിനറി സർവ്വകലാശാലയിലെത്തിക്കുന്നതിനായി പാമ്പിനെ വനം വകുപ്പിന് കൈമാറി. നഗരസഭാ പ്രതിപക്ഷ നേതാവ് ടി.എസ് സജീവനും സ്ഥലത്തെത്തിയിരുന്നു.