അരിമ്പൂർ: കർഷകരുടെ ചിരകാല സ്വപ്നമായ ഫാം റോഡുകൾ ഒടുവിൽ യാഥാർഥ്യമാകുന്നു. 4 കോടിയോളം രൂപ ചെലവഴിച്ച് അരിമ്പൂരിലെ നെൽ കർഷകർക്കാണ് സംസ്ഥാന സർക്കാർ ഫാം റോഡുകൾ നിർമിക്കുന്നത്. കൈപ്പിള്ളി വെളുത്തൂർ അകമ്പാടം, എറവ് കൈപ്പിള്ളി അകമ്പാടം, മനക്കൊടി വെളുത്തൂർ അകമ്പാടം എന്നീ മൂന്ന് പാടശേഖരങ്ങളിലാണ് നിർമാണം തുടങ്ങിയത്.
ഫാം റോഡുകൾ യാഥാർഥ്യമാകുന്നതോടെ കാർഷിക പ്രവർത്തികൾക്കുള്ള എളുപ്പ സഞ്ചാര പാതയായി ഇത് മാറും. സംസ്ഥാന സർക്കാറിൻ്റെ റീ ബിൽഡ് കേരളയുടെ ഭാഗമായി കെഎൽഡിസിയുടെ നേതൃത്വത്തിലാണ് ഫാം റോഡുകൾ നിർമിക്കുന്നത്. മോട്ടോർ ഷെഡുകൾ, കിടകൾ, സ്ലൂയിസുകൾ,എന്നിവ നിർമിക്കുന്ന ജോലികൾ ഭൂരിഭാഗവും പൂർത്തിയായി. കിടകളും സ്ലൂയിസുകളും ഫാം റോഡുകളും വരുന്നതോടുകൂടി വളരെ എളുപ്പത്തിൽ കർഷകർക്ക് നിലത്തിലേക്ക് വിത്ത്, ഇത്തൾ, വളം എന്നിവ കൊണ്ടുപോകുന്നതിനും കൊയ്ത്തു സമയത്ത് അധികം ദൂരത്തേക്ക് കൊയ്ത്തു മെഷീൻ ഓടിക്കാതെ അവരവരുടെ നിലത്തിന്റെ അടുത്തുള്ള ഫാം റോഡിൽ തന്നെ നെല്ല് വയ്ക്കുവാനും സാധിക്കും. ഇത് മൂലം കർഷകർക്ക് ഏകദേശം ഒരു ഹെക്ടറിന് 4000 രൂപയോളം ലാഭം ഉണ്ടാകും. കെഎൽഡിസി വളരെ ഭംഗിയായും വേഗത്തിലുമാണ് പ്രവൃത്തി ചെയ്തുകൊണ്ടിരിക്കുന്നതെന്നും കർഷകരുടെയും പടവ് കമ്മിറ്റികളുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമാണ് നിറവേറ്റപ്പെടുന്നതെന്നും കൈപ്പിള്ളി വെളുത്തൂർ അകമ്പാടം കർഷക സമിതി സെക്രട്ടറി പി.ആർ ഷിജു പറഞ്ഞു.