ഗുരുവായൂർ: പുന്നത്തൂർ റോഡിലുള്ള ആര്യാഭട്ടാ വനിതാ കോളേജിൽ കയറി പ്രിൻസിപ്പാലിനെ ആക്രമിച്ച് ഗുരുതരമായ പരിക്കേല്പിച്ച കേസിൽ സൂത്രധാരൻ ഉൾപ്പെടെ നാലുപേർ പിടിയിൽ. എളവള്ളി കൊട്ടിലിങ്ങൽ വീട്ടിൽ മാനവ് (20), എളവള്ളി എളവള്ളിവീട്ടിൽ അഭിജിത്ത് (24), മുല്ലശ്ശേരി പെരുവല്ലൂർ പൂവന്തറ വീട്ടിൽ യദുകൃഷ്ണ(19), എളവള്ളി വാരിയപ്പിള്ളി വീട്ടിൽ റിഷാൽ എന്ന ഷാനു(19) എന്നിവരെയാണ് ഗുരുവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 28 ന് ഗുരുവായൂർ മമ്മിയൂരിലുള്ള ആര്യഭട്ട കോളേജ് പ്രിൻസിപ്പൽ ഡേവിസി(65)നെ ഓഫീസ് മുറിയിൽ അതിക്രമിച്ചു കയറി ഇടിക്കട്ട കൊണ്ട് നെറ്റിയിൽ ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സബ് ഇൻസ്പെക്ടർ ഐ.എസ്. ബാലചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻ്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എഎസ്ഐമാരായ ജോബി ജോർജ്ജ്, ബിന്ദു രാജ്, അഭിലാഷ്, സിവിൽ പോലീസ് ഓഫീസർമാരായ അനൂപ്, പ്രഗീൻ കുമാർ, മനു എന്നിവരും ഉണ്ടായിരുന്നു.
സമീപ പ്രദേശത്തുള്ള സിസിടിവി കേമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. മാസ്ക് ധരിച്ച് കോളേജിൽ എത്തിയ യുവാക്കൾ പ്രൻസിപ്പാലെ അന്വേഷിക്കുകയും ഒരാൾ പ്രിൻസിപ്പാളുടെ റൂമിൽ കയറിയ ഉടനെ ഇടിക്കട്ട കൊണ്ട് ഡേവിഡിനെ ആക്രമിക്കുകയുമായിരുന്നു. സംഭവം കണ്ട് അധ്യാപികമാർ ഒച്ചവെച്ചതോടെ ഇരുവരും ഓടി പുറത്തെത്തി ബൈക്കിൽ കയറി രക്ഷപ്പെടുക യായിരുന്നു. രക്തത്തിൽ കുളിച്ചു നിന്ന ഡേവിഡിനെ അധ്യാപകരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.