News One Thrissur
Thrissur

അരിമ്പൂരിൽ തീറ്റപ്പുല്ല് വിളവെടുത്തു

അരിമ്പൂർ : കന്നുകാലികൾക്ക് ഭക്ഷണത്തിനാവശ്യമായ തീറ്റപ്പുല്ല് സ്വന്തമായി കൃഷി ചെയ്ത് ക്ഷീര കർഷകർക്ക് ആവശ്യാനുസരണം ലഭ്യമാക്കി മാതൃകയാകുകയാണ് അരിമ്പൂരിലെ കൈപ്പിള്ളി വടക്കുംപുറം ക്ഷീരോത്പാദക സഹകരണ സംഘം. 1500 കിലോ തീറ്റപുല്ലാണ് ഇവിടെ വിളവെടുത്തത്. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിലെ ആദ്യത്തെ മാതൃകാ തീറ്റപ്പുല്ല് കൃഷി തോട്ടമാണ് കൈപ്പിള്ളിയിലേത്.

കാലിത്തീറ്റയുടെ വില വർദ്ധനവ് മൂലം ക്ഷീര കർഷകർക്ക് ഉണ്ടാകുന്ന ദുരിതം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൈപ്പിള്ളി വടക്കുംപുറം ക്ഷീരോത്പാദക സഹകരണ സംഘം തീറ്റപ്പുല്ല് കൃഷി ആരംഭിക്കുന്നത്. ഇതിനായി സ്വകാര്യ വ്യക്തിയുടെ 3 ഏക്കർ സ്ഥലം കണ്ടെത്തി കൃഷിയിറക്കി.

ചാലക്കുടിയിൽ നിന്ന് 5000 തൈകൾ വാങ്ങി നട്ടു. 1 മീറ്റർ ഇടവിട്ട് ഇടച്ചാലുകൾ തീർത്ത് തൈകൾ സംഘത്തിലെ പതിനഞ്ചോളം പേരുടെ നേതൃത്വത്തിൽ വെള്ളവും ജൈവവളവും നൽകി 45 ദിവസം പരിപാലിച്ചു. ഇടവിളയായി വെണ്ട, പയർ, ചീര എന്നിവയും ഇതോടൊപ്പം കൃഷി ചെയ്തിരുന്നു.

വേനലിന്റെ കാഠിന്യം മൂലം വിളവെടുപ്പ് 15 ദിവസം നീണ്ടു. 1500 കിലോ തീറ്റപ്പുല്ലാണ് ഇവിടെ വിളവെടുത്തത്. സംഘത്തിൽ പാൽ അളക്കുന്ന ക്ഷീര കർഷകർക്ക് കിലോയ്ക്ക് 3 രൂപ നിരക്കിലും പുറമെ നിന്നുള്ളവർക്ക് 5 രൂപയ്ക്കും തീറ്റപ്പുല്ല് ലഭിയ്ക്കും. ക്ഷീര സംഘം പ്രസിഡന്റ് ഇ.കെ. ജയപ്രകാശ്, സെക്രട്ടറി ബി.എസ്. സമിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൃഷി.

തീറ്റപ്പുല്ല് കൃഷിയുടെ വിളവെടുപ്പ് അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശിധരൻ നിർവഹിച്ചു. അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, വൈസ് പ്രസിഡന്റ് സി.ജി. സജീഷ്, ഡയറി ഫാം ഇൻസ്പെക്ടർ ഷനിരാജ്, വാർഡംഗങ്ങളായ കെ. രാഗേഷ് , സലിജ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

പഴുവിൽ വിശുദ്ധ അന്തോണീസിന്റെ തീർത്ഥ കേന്ദ്രത്തിലെ ഊട്ട് തിരുനാളിന് കൊടിയേറി

Sudheer K

ചില്ലറ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ യാത്രക്കാരനെ ബസിൽ നിന്ന് തള്ളിയിട്ട സംഭവം ; കണ്ടക്‌ടറെ റിമാൻഡ് ചെയ്തു

Sudheer K

തൃശൂരിൽ ന്യൂനപക്ഷ കമ്മിഷന്‍ സിറ്റിങ്: ആറ് പരാതികള്‍ തീര്‍പ്പാക്കി

Sudheer K

Leave a Comment

error: Content is protected !!