തളിക്കുളം: പഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ നിയമനത്തിനുള്ള അഭിമുഖം മുടങ്ങി. നിയമനം സിപിഎം അട്ടിമറിക്കുന്നു വെന്നാരോപിച്ച് പ്രതിപക്ഷാംഗങ്ങൾ സെലക്ഷൻ കമ്മിറ്റി യോഗഹാൾ ഉപരോധിച്ചതിനെത്തുടർന്നാണിത്. പഞ്ചായത്തിലെ 26 അങ്കണവാടി കളിലേക്കായി 18 ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക് നടന്ന അഭിമുഖം പ്രതിപക്ഷാംഗങ്ങൾ തടസ്സപ്പെടുത്തി. ഒഴിവുകൾ നികത്താൻ അങ്കണവാടി സെലക്ഷൻ കമ്മിറ്റിയുടെ കൺവീനറായ സിഡിപിഒയുടെ നേതൃത്വത്തിൽ അപേക്ഷകരായ 74 പേരെ അഭിമുഖത്തിന് ക്ഷണിച്ചിരുന്നു. തിങ്കളാഴ്ച 10-ന് അഭിമുഖം ആരംഭിക്കുന്നതിനു മുൻപായി വനിതകളായ ഉദ്യോഗാർഥികളെ ഇവർ ബലമായി തടഞ്ഞുവയ്ക്കുകയും അഭിമുഖം തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും സിഡിപിഒയും ചേർന്ന് സമവായത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും ഈ സാഹചര്യത്തിൽ സെലക്ഷൻ കമ്മിറ്റിക്ക് അഭിമുഖം നിർത്തിവെക്കേണ്ടി വരുകയായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പിനാണ് ഇവർ ശ്രമിക്കുന്നതെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത പറഞ്ഞു.