തൃശ്ശൂർ: വ്യാഴാഴ്‌ച മുഴുവൻ റേഷൻകടകളും അടച്ച് ജില്ലാകേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്‌കരിക്കുക, കേരളത്തിലെ പൊതുവിതരണമേഖലയോട് കേന്ദ്രസർക്കാർ കാണിക്കുന്ന അവഗണന ഒഴിവാക്കുക, കെടിപിഡിഎസ് ആക്ടിലെ അപാകം പരിഹരിക്കുക, റേഷൻ വ്യാപാരി ക്ഷേമനിധി കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. പത്രസമ്മേളനത്തിൽ സെബാസ്റ്റ്യൻ ചൂണ്ടൽ, പി.ജെ. ജോൺ, ഫ്രാൻസിസ് ചെമ്മണൂർ, കെ.കെ. സുരേഷ്, പ്രതീഷ് അപ്പു എന്നിവർ പങ്കെടുത്തു.