വാടാനപ്പള്ളി: സോഫ്റ്റ് വെയർ കമ്പനി തുടങ്ങാനെന്ന വ്യാജേന പ്രവാസിയിൽ നിന്ന് ഒരു ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ കോടതി ഉത്തരവുപ്രകാരം പൊലീസ് സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തു. കൊടുങ്ങല്ലൂർ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് വലപ്പാട് പൊലീസിനോട് എഫ്ഐആർ തയാറാക്കി, വാടാനപ്പള്ളി സിപിഎം ലോക്കൽ സെക്രട്ടറി സുരേഷ് മഠത്തിൽ, സിപിഎം നാട്ടിക മുൻ ലോക്കൽ കമ്മിറ്റി അംഗം ലാൽസിങ് ഇയ്യാനി എന്നിവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. പണം നഷ്ടപ്പെട്ട പ്രവാസി തളിക്കുളം കലാഞ്ഞി വല്ലത്ത് പ്രകാശനാണ് കോടതിയെ സമീപിച്ചത്. 2015ൽ സുരേഷും ലാൽസിങ്ങും ചേർന്ന് സ്റ്റാർട്ടപ്പായി സോഫ്റ്റ് വെയർ കമ്പനി തുടങ്ങാമെന്നു തെറ്റിദ്ധരിപ്പിച്ച് 10 രൂപയുടെ 10,000 ഓഹരി പ്രകാശനു കൊടുത്തു.
ഇതിന് ഒരുലക്ഷം രൂപയുടെ ചെക്ക് നൽകിയിരുന്നു. 2016ൽ പ്രതികൾ ഓഹരി സർട്ടിഫിക്കറ്റ് കൈമാറി. പിന്നീടാണ് ഓഹരി ലിസ്റ്റ് ചെയ്തിട്ടില്ലെന്നും വ്യാജകമ്പനി യാണെന്നും അറിയുന്നത്. സിപിഎമ്മിന്റെ പ്രവർത്തകൻ കൂടിയായ പ്രകാശൻ, പാർട്ടിയുടെ ബ്രാഞ്ച് മുതൽ സംസ്ഥാന കമ്മിറ്റിയിൽ വരെ പരാതി നൽകിയിട്ടും മറുപടിയുണ്ടായില്ല. തുടർന്ന് വലപ്പാട് സിഐ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി, ജില്ല റൂറൽ എസ്പി എന്നിവർക്ക് പരാതി നൽകി. വലപ്പാട് സ്റ്റേഷനിൽ പ്രതികളെ വിളിച്ച് മൊഴിയെടുത്തിരുന്നു. തുടരന്വേഷണം അനിശ്ചിതമായതോടെയാണു പ്രകാശൻ കോടതിയെ സമീപിച്ചത്.