ചേർപ്പ്: ഭൂമിയിലെ ദേവസംഗമം എന്നറിയപ്പെടുന്ന ആറാട്ടുപുഴ പൂരം നാളെ. (ശനിയാഴ്ച) ആഘോഷിക്കും. വൈകീട്ട് ആറിന് 15 ആനകളോടെ ശാസ്താവ് എഴുന്നള്ളും. പാമ്പാടി രാജൻ തിടമ്പേറ്റും. പെരുവനം കുട്ടൻമാരാർ നയിക്കുന്ന പഞ്ചാരിമേളത്തിൽ 250കലാകാരന്മാർ പങ്കെടുക്കും. മേളം കലാശിച്ചാൽ ശാസ്താവ് ഏഴുകണ്ടം വരെ എഴുന്നള്ളും.
വെടിക്കെട്ടിനുശേഷം ക്ഷേത്രമുറ്റം, പാടം എന്നിവിടങ്ങളിൽ വിവിധ ദേവീദേവന്മാരുടെ പൂരം നടക്കും. 23 ദേവീദേവന്മാർ ആറാട്ടുപുഴ യിലെത്തും. അർധരാത്രി കൈതവളപ്പിൽ തേവർ എത്തിയാൽ മന്ദാരക്കടവിൽ ആറാട്ട് തുടങ്ങും. പിഷാരിക്കൽ ഭഗവതിയുടെ ആറാട്ടാണ് ആദ്യം. തുടർന്ന് മറ്റ് ദേവിമാരുടെ ആറാട്ട് നടക്കും. ഞായറാഴ്ച പുലർച്ചെ കൂട്ടിയെഴുന്നെള്ളിപ്പ് നടക്കും. തൃപ്രയാർ തേവർ നടുക്കും ഇടതു ഭാഗത്ത് ഊരകം അമ്മത്തിരുവടിയും ചാത്തക്കുടം ശാസ്താവും വലതുഭാഗത്ത് ചേർപ്പ് ഭഗവതിയും എഴുന്നള്ളും. അകമ്പടിയായി ഇരുഭാഗത്തുമായി അറുപതോളം ആനകൾ അണിനിരക്കും. പാണ്ടി മേളത്തോടെയാണ് എഴുന്നള്ളിപ്പ്.