കാഞ്ഞാണി: ജൽ ജീവൻ മിഷൻ പദ്ധതി പ്രകാരം പൈപ്പുകൾ സ്ഥാപിക്കാനും പൊതു ടാപ്പുകൾ മാറ്റാനും തുടങ്ങിയതോടെ മണലൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ മൂന്ന് വീടുകൾക്ക് കുടിവെള്ളം ലഭിക്കാതെയായതായി പരാതി. ചുള്ളിയിൽ മിനി സുധൻ, കുബളത്ര സുബ്രഹ്മണ്യൻ, വലിയ പറമ്പിൽ രാമചന്ദ്രൻ, തുടങ്ങിയവരുടെ കുടുംബങ്ങൾക്കാണ് കുടിവെള്ളം മുട്ടിയത്.ഈ വീട്ടുക്കാരെല്ലാം കൂലി പണിക്കാരാണ് രാവിലെ പോയാൽ വൈകീട്ടാണ് തിരിച്ചു വരുന്നത്. ഈ കുടുംബങ്ങൾക്ക് കുടിവെള്ളത്തിനുള്ള ഏക ആശ്രയമായിരുന്ന അവരുടെ വീടിന് സമീപത്തുണ്ടായിരുന്ന പൊതു ടാപ്പുകളാണ് മുന്നറിയിപ്പില്ലാതെ നീക്കം ചെയ്തത്. ഈ ടാപ്പുകളെല്ലാം വാട്ടർ അതോറിറ്റി നീക്കം ചെയ്തിട്ട് ആഴ്ച്ചകളായി.
ഈ വിവരം പഞ്ചായത്തിൻ്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അനുകൂലമറുപടിയല്ല കിട്ടിയതെന്നും സമീപത്തെ വീടുകളിൽ നിന്നും വെള്ളമെടുത്ത് ഉപയോഗിയ്ക്കക്കണമെന്ന അപ്രായോഗിക നിർദ്ദേശമാണ് ലഭിച്ചതെന്നും കുടിവെള്ളം മുട്ടിയ കുടുംബങ്ങൾ പറയുന്നു. വാട്ടർ അതോറിറ്റിക്ക് പണം നൽകി വെള്ളമെടുക്കുന്ന വീട്ടുകാരിൽ നിന്ന് കുടിവെള്ളം ലഭിക്കാത്ത വീട്ടുകാരോട് വെള്ളമെടുത്ത് കൊള്ളാൻ പറയുന്നതിലെ പ്രായോഗികത വാർഡ് അംഗമോ പഞ്ചായത്ത് ഭരണസമിതി യോ വിശദീകരിക്കണമെന്നും ഈ വിഷയത്തിൽ വാർഡ് അംഗത്തിൽ നിന്നും പഞ്ചായത്ത് ഭരണസമിതിയിൽ നിന്നും കുറ്റ കരമായ അനാസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്നും കുടിവെള്ളം പുനസ്ഥാപിക്കാൻ അടിയന്തിര ഇടപെടൽ വേണമെന്നും മുൻവാർഡ് അംഗവും സി പിഐഎം മണലൂർലോക്കൽ കമ്മിറ്റിയംഗവുമായ ജനാർദ്ദനൻ മണ്ണുമ്മൽ ആവശ്യപ്പെട്ടു.