കയ്പമംഗലം: എടത്തിരുത്തിയിൽ കുട്ടി കർഷകയുടെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറി കൃഷി വിളവെടുത്തു. പള്ളി പറമ്പിൽ സിദ്ദീഖ് – നൂർജഹാൻ ദമ്പതികളുടെ മകളും ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയുമായ സന ഫാത്തിമയാണ് പച്ചക്കറി കൃഷിയിൽ മികച്ച വിജയം കൈവരിച്ചത്. എടത്തിരുത്തി മുനയത്ത് സ്വകാര്യ വ്യക്തിയുടെ രണ്ടരയേക്കറോളം സ്ഥലത്താണ് വ്യത്യസ്തയിനം പച്ചക്കറികൾ കൃഷി ചെയ്തത്. ചീര, പടവലം, വെണ്ട, വഴുതന, ചുരക്ക, വെള്ളരി, കയ്പ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തത്.
ജൈവരീതിയിൽ നടത്തിയ കൃഷി മികച്ച വിളവാണ് നൽകിയത്. ഓണവിപണി ലക്ഷ്യമിട്ട് അഞ്ഞൂറോളം നേന്ത്ര വാഴയും കൃഷി ചെയ്തു വരുന്നുണ്ട്. ചെന്ത്രാപ്പിന്നി ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപകൻ കെ.എസ്. കിരൺ, പിടിഎ പ്രസിഡന്റ് വി.കെ. ജ്യോതി പ്രകാശ്, അധ്യാപകരായ ടി.ബി. സതി, ടി.എൻ. അജയകുമാർ എന്നിവർ ചേർന്ന് വിളവെടുപ്പ് നടത്തി.