അന്തിക്കാട്: ജനങ്ങൾ ചോര വിയർപ്പാക്കി സമ്പാദിച്ച പണമാണ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ നഷ്ടമായതെന്നും തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടുമെന്നും തൃശൂർ ലോക്സഭാമണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പറഞ്ഞു. തിരത്തെടുപ്പു പര്യടനത്തിനിടെ ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാടിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം നഷ്ടമായവർക്ക് അതു തിരികെ ലഭിക്കുന്നതിനുള്ള നടപടിയെടുക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പു നൽകിയിട്ടുള്ളതാണ്.
ഇഡി പിടിച്ചെടുത്ത പണം അർഹതപ്പെട്ടവർക്കു ലഭ്യമാക്കും. പല സഹകരണ ബാങ്കുകളുടെയും സ്ഥിതി ഇതുപോലെയൊക്കെത്തന്നെയാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടി. വരുന്ന തിരഞ്ഞെടുപ്പിൽ വ്യക്തിപരമായി ആരെയും താൻ പിന്തുണച്ചിട്ടില്ലെന്നു സംവിധായകൻ സത്യൻ അന്തിക്കാട് വ്യക്തമാക്കി. മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് മണികണ്ഠൻ പുളിക്കത്തറ, സെക്രട്ടറി ബിബിൻദാസ് കൂട്ടാല , മണ്ഡലം സെക്രട്ടറി ഗോകുൽ കരിപ്പിള്ളി, എസ്.സി. മോർച്ച മണ്ഡലം ട്രഷറർ വേലായുധൻ പുതുശ്ശേരി, കർഷക മോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ് ബാലൻ വാലപ്പറമ്പിൽ, ബിജെപി നാട്ടിക നിയോജക മണ്ഡലം പ്രസിഡൻ്റ് ഇ.പി. ഹരീഷ് തുടങ്ങിയവർ സ്ഥാനാർത്ഥിയോടൊപ്പം ഉണ്ടായിരുന്നു.