തളിക്കുളം: തളിക്കുളത്ത് അടഞ്ഞുകിടക്കുന്ന വീടിനുള്ളിൽ മരണപ്പെട്ട വയോധിക ദമ്പതികളുടെ മരണം ഹാർട്ട് അറ്റാക്ക് മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരം. ഹാഷ്മി നഗറില്‍ നൂല്‍പാടത്ത് അബ്ദുള്‍ ഖാദര്‍(85) ഭാര്യ ഫാത്തിമബീവി(66) എന്നിവരാണ് ചൊവ്വാഴ്ച രാത്രി മരിച്ച നിലയിൽ കാണപ്പെട്ടത്. രാവിലെ മുതല്‍ സന്ധ്യവരെ ഇരുവരേയും പുറത്ത് കണ്ടില്ല. വീട് അടഞ്ഞ് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസികളായ ബന്ധുകൾ സംശയം തോന്നി വീടിന്‍റെ ജനല്‍ തള്ളി തുറന്ന് നോക്കിയപ്പോഴാണ് ഇരുവരും മുറിയിലെ കട്ടിലില്‍ മരിച്ച് കിടക്കുന്നതായി കണ്ടത്.
ഇതോടെ ബന്ധുക്കളും, നാട്ടുകാരും, വാടാനപ്പള്ളി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതിൽ തുറന്ന് പരിശോധന നടത്തിയപ്പോൾ മറ്റ് സംശയമൊന്നും തോന്നിയില്ല. ബുധനാഴ്ച ഇരുവരുടേയും മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയപ്പോഴാണ് ഹാർട്ട് അറ്റാക്കാണ് മരണകാരണമെന്ന് തെളിഞ്ഞത്. 24 മണിക്കൂർ മുമ്പ് ഫാത്തിമയും 18 മണിക്കൂറിനടുത്ത് അബ്ദുൽ ഖാദറും മരിച്ചെന്നാണ് പ്രാഥമിക വിവരം. ഇരുവരും ഹൃദ്രോഗമുള്ളവരാണ്. ഫാത്തിമ മരിച്ച വേദനയിൽ അബ്ദുൽ ഖാദറും മരിച്ചതാകാമെന്നാണ് നിഗമനം. ഫാത്തിമയുടെ കാലിൽ തല വെച്ചായിരുന്നു അബ്ദുൽ ഖാദറിന്റെ മൃതദേഹവും കാണപ്പെട്ടത്.