ഇരിങ്ങാലക്കുട: ചില്ലറ നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ യാത്രക്കാരനെ ബസിൽ നിന്നു ചവിട്ടി പുറത്തിട്ട് ആക്രമിച്ചു ഗുരുതര പരുക്കേൽപിച്ച തൃശൂർ-കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന ശാസ്താ ബസിലെ – കണ്ടക്‌ടർ ചേർപ്പ് ഊരകം സ്വദേശി കടുകപറമ്പിൽ രതീഷിനെ(43) കോടതി റിമാൻഡ് ചെയ്തു. സാരമായി പരുക്കേറ്റ കരുവന്നൂർ എട്ടുമന മുറ്റിച്ചൂർ പവിത്രൻ(68) തൃശൂർ എലൈറ്റ് ആശുപത്രിയിലെ സിസിയുവിൽ ചികിത്സയിലാണ്. കഴുത്തിലെ എല്ലു പൊട്ടിയ ഇദ്ദേഹത്തിന്റെ തലയിൽ ആറു തുന്നലുണ്ട്.
തൊട്ടടുത്ത ബംഗ്ലാവ് സ്റ്റോപ്പിൽ ഇറങ്ങാനായി കരുവന്നൂർ രാജ സ്‌റ്റോപ്പിൽ നിന്നാണു പവിത്രൻ ബസിൽ കയറിയത്. 10രൂപ നൽകിയപ്പോൾ ടിക്കറ്റ് 13 രൂപയാണെന്നു പറഞ്ഞതോടെ കയ്യിൽ ആകെയുണ്ടായിരുന്ന 500 രൂപ നോട്ട് നൽകിയതാണു കണ്ടക്ടറെ പ്രകോപിപ്പിച്ചത്. പിന്നീടു ബാക്കി നൽകിയ തുകയിൽ കുറവു കണ്ട് ചോദ്യം ചെയ്തതോടെ വാക്കേറ്റമായി. ഇറങ്ങേണ്ടിടത്തു നിർത്താതിരുന്ന ബസ് തൊട്ടടുത്ത സ്റ്റോപ്പിലെത്തിയപ്പോൾ കണ്ടക്ടർ, പവിത്രനെ ചവിട്ടി താഴെയിടുകയായിരുന്നു. റോഡിൽ തലയിടിച്ചു വീണ പവിത്രനെ പിന്നാലെ പുറത്തിറങ്ങിയ രതീഷ് തല പിടിച്ചു കല്ലിൽ ഇടിക്കുകയും ചെയ്തു ഓടിക്കൂടിയ നാട്ടുകാരാണു കണ്ടക്ടറെ പിടിച്ചു മാറ്റിയത്. സംഭവ ശേഷം രതീഷിനെ ബസ് സഹിതം ഇരിങ്ങാലക്കുട പൊലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു.