ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തിയ വീട്ടമ്മയുടെ മാല പൊട്ടിച്ചു ഓടി രക്ഷപ്പെടാൻ ശ്രമിച്ചയാളെ നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. വടക്കാഞ്ചേരി സ്വദേശി വടക്കേക്കര വീട്ടിൽ ബിജുവാണ് (42) പിടിയിലായത്. പുത്തമ്പല്ലി വാരിയത്ത് മനോഹരന്റെ ഭാര്യ 71 വയസ്സുള്ള നിർമ്മല മേനോന്റെ രണ്ടര പവന്റെ താലിമാലയാണ് കവർന്നത്. പുലർച്ചെ 4.15ന് വടക്കേനടയിലെ ഗേറ്റിന് സമീപമാണ് സംഭവം.
ക്ഷേത്രത്തിലേക്ക് തനിച്ച് നടന്നു പോവുകയായിരുന്ന നിർമല മേനോന് പുറകിലെത്തിയ മോഷ്ടാവ് മാല പൊട്ടിച്ച് ഓടുകയായിരുന്നു. ഇവർ ബഹളം വച്ചതോടെ നാട്ടുകാർ മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടി പോലീസിന് കൈമാറി. മാല ഇയാളിൽ നിന്ന് കണ്ടെടുത്തു. ടെമ്പിൾ പോലീസ് എസ്.എച്ച്.ഒ ജി.അജയകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.