കൊടുങ്ങല്ലൂർ: കേന്ദ്ര അന്വേഷണ ഏജൻസികൾ സ്വന്തം നേതാക്കൾക്ക് നേരെ തിരിയുമ്പോൾ മാത്രമാണ് കോൺഗ്രസ് പ്രതികരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. മറ്റു പ്രതിപക്ഷ പാർട്ടികൾക്കെതിരെ കേന്ദ്ര ഏജൻസികൾ തിരിയുമ്പോൾ കോൺഗ്രസിന് പ്രതികരണമില്ലെന്നും അദ്ദേഹം പറഞ്ഞു. കൊടുങ്ങല്ലൂരിലെ എറിയാട് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കിഫ്ബി നാടിൻ്റെ വികസനത്തിന് വലിയ പങ്കു വഹിച്ചു എന്നതാണ് കേന്ദ്ര ഏജൻസികൾ കിഫ്ബിക്കെതിരെ കാണുന്ന തെറ്റ് കേരളത്തിൽ എവിടെ നോക്കിയാലും കിഫ്ബിയുടെ സാക്ഷ്യപത്രങ്ങൾ കാണാം. കേരളത്തിലെ എംപിമാരിലെ 18 അംഗ കോൺഗ്രസ് സംഘം ഒരു ഘട്ടത്തിലും സംസ്ഥാനത്തിനൊപ്പം നിന്നിട്ടില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും എൽ.ഡി.എഫിന് അനുകൂലമായ തരംഗമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. എറിയാട് ചേരമാൻ മൈതാനിയിൽ നടന്ന പൊതുയോഗത്തിൽ മന്ത്രി പി.രാജീവ്, ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പ്രകാശ് ബാബു, സ്ഥാനാർത്ഥി പ്രൊഫ.സി.രവീന്ദ്രനാഥ്, സി.പി.എം ജില്ലാ സെക്രട്ടറി എം.എം. വർഗ്ഗീസ്, പി.എം. അഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.