ചാവക്കാട്: ഗുരുവായൂര്‍ എംഎല്‍എ എന്‍.കെ. അക്ബറിന്‍റെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ ബിജെപി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. ഗുരുവായൂര്‍ നിയോജക മണ്ഡലം അസംബ്ലി ഇലക്ഷനില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിന് അഡ്വ. നിവേദിത സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ഈ നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെ പരിഹാസ്യരായ ബിജെപി നേതൃത്വം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജയിച്ച എന്‍.കെ അക്ബറിന്‍റെ വിജയത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജിയുമായി രംഗത്തെത്തുകയായിരുന്നു രംഗത്തെത്തുകയായിരുന്നു. എന്‍.കെ. അക്ബറിനെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു ബിജെപിയുടെ ആവശ്യം.
ബിജെപിയുടെ നിയോജക മണ്ഡലം പ്രസിഡന്‍റായിരുന്ന അനില്‍ മഞ്ചറമ്പത്താണ് ഹരജി നല്‍കിയത്. കേസ് ഹൈക്കോടതി തള്ളിയത് ബിജെപിക്ക് വലിയ തിരിച്ചടിയായി. ബിജെപിയിലെ പടലപിണക്കങ്ങളും കാലുവാരലുമാണ് നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ കാരണമായതെന്ന് എല്ലാവര്‍ക്കും ബോധ്യമായ സാഹചര്യത്തില്‍ ഹരജിയിലൂടെ മുഖം രക്ഷിക്കാനുള്ള ശ്രമത്തിനാണ് ഇപ്പോള്‍ തിരിച്ചടി നേരിട്ടതെന്ന് സിപിഎം ആരോപിച്ചു. എന്‍.കെ. അക്ബര്‍ എംഎല്‍എക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ അഡ്വ. കൃഷ്ണനുണ്ണി, അഡ്വ.ബിനോയ് വാസുദേവ്, അഡ്വ.അക്തര്‍ അഹമ്മദ് എന്നിവരാണ് ഹാജരായത്.