അരിമ്പൂർ: തൃശൂർ – കാഞ്ഞാണി സംസ്ഥാന പാതയിൽ എറവ് പാൽ സൊസൈറ്റിക്ക് സമീപം 3 വാഹനങ്ങൾ കൂട്ടിയിടിച്ചു. ആർക്കും പരിക്കില്ല. തൃശൂർ ഭാഗത്തേക്ക് പോയിരുന്ന മുറ്റിച്ചൂർ പടിയം സ്വദേശി മാമ്പുള്ളി വീട്ടിൽ ജിതിനും കുടുംബവും സഞ്ചരിച്ച കാറും തൃശൂർ ഭാഗത്ത് നിന്ന് വന്ന മറ്റൊരു കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. കാറിൽ സ്ത്രീകളും കുട്ടിയും ഉണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ല.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട് റോഡിന് എതിർ ദിശയിലേക്ക് നീങ്ങിയ കാർ മറ്റു വാഹനങ്ങൾ ആ സമയം വരാഞ്ഞതിനാൽ വൻ അപകടത്തിൽ നിന്നാണ് രക്ഷപ്പെട്ടത്. ഇതിനിടയിൽ പ്പെട്ട ഒരു ബൈക്ക് യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്കിൻ്റെ ഇൻഡിക്കേറ്റർ മാത്രമാണ് തകർന്നത്. പഞ്ചറായും, വീൽ ജാമായും ഇരുകാറുകളും നൂറ് മീറ്റർ വ്യത്യാസത്തിൽ റോഡിൽ കിടന്നതിനാൽ അരമണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. തുടർന്ന് സ്ഥലത്തെത്തിയ പോലീസ് മറ്റു യാത്രക്കാരുടെ സഹായത്തോടെ ഇരുകാറുകളും റോഡിൽ നിന്ന് ഒതുക്കിയിട്ടതോടെയാണ് ഗതാഗതം സാധാരണ നിലയിലായത്. സന്ധ്യാ സമയമായതിനാൽ നിരവധി വാഹനങ്ങളാണ് ഈ വഴി കടന്നു വന്നത്.