ഇരിങ്ങാലക്കുട: ഇന്നസെന്റിന്റെ ചിത്രം വെച്ച് സ്ഥാനാർഥികളുടെ പോര്. എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാറിന്റെ ഒപ്പവും, എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്ക് ഒപ്പവും മുൻ എംപിയും സിനിമ താരവുമായ ഇന്നസെന്റ് നിൽക്കുന്ന ചിത്രങ്ങൾ ആണ് ബോഡിൽ ഉള്ളത്. ബസ് സ്റ്റാൻഡ് എകെപി റോഡിൽ ഒഴിഞ്ഞ പറമ്പിൽ ദിവസങ്ങൾക്ക് മുൻപ് ഇടതുപക്ഷ സ്ഥാനാർഥി വി.എസ്. സുനിൽ കുമാറിന്റെ ബോർഡ് ആണ് ആദ്യം ഉയർന്നത്. ചാലക്കുടി മുൻ എംപിയും മുൻ ഇടതുപക്ഷ സഹയത്രികനുമായിരുന്നു ഇന്നസെന്റ് എന്നതിനാൽ തന്നെ ഇടതു പക്ഷ സ്ഥാനാർഥിക്കൊപ്പം അദ്ദേഹത്തിന്റെ ചിത്രം ഉൾപ്പെടുത്തി അദ്ദേഹത്തിന്റെ നാട്ടിൽ സ്ഥാപിച്ച ഒരു ബോർഡെന്നാണ് ജനങ്ങൾ കരുതിയത്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയാണ് എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും ഇന്നസെന്റും ആയുള്ള ചിത്രം ഇവിടെ ഉയർന്നത്. കൂടൽമാണിക്യം ഉത്സവം നടക്കുന്നതിനാൽ ഉത്സവശംസകളോടെ വോട്ട് അഭ്യർത്ഥിച്ചാണ് ബോർഡ് ഉയർന്നത്. തങ്ങളുടെ അനുവാദത്തോടെ അല്ല ബോർഡ് ഉയർന്നത് എന്നും പാർട്ടിയുമായി തുടർന്ന് ആലോചിച്ച് തുടർ നടപടികൾ എടുക്കുമെന്നും ഇന്നസെന്റിന്റെ കുടുംബം അറിയിച്ചു.