തൃശൂർ: വെള്ളാനിക്കരയിൽ ബാങ്കിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്റണി എന്നിവരാണ് മരിച്ചത്. വെള്ളാനിക്കര കാർഷിക സർവകലാശാല ക്യാമ്പസിനകത്ത് പ്രവർത്തിക്കുന്ന വെള്ളാനിക്കര സഹകരണ ബാങ്ക് ശാഖയ്ക്ക് സമീപത്താണ് സംഭവം.
ആന്റണിയെ തലയ്ക്ക് പരിക്കേറ്റു രക്തം വാർന്ന് മരിച്ച നിലയിൽ പായയിലും, അരവിന്ദാക്ഷനെ ബാങ്കിന് സമീപത്തുള്ള കാനയിൽ വിഷ കഴിച്ച് ആത്മഹത്യ ചെയ്ത നിലയിലും ആണ് കണ്ടെത്തിയത്. മരിച്ച ഇരുവരും വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിന്റെ സെക്യൂരിറ്റി ജീവനക്കാരാണ്. ഇരുവരും തമ്മിൽ ഉണ്ടായ സംഘർഷത്തിനിടെ ഒരാളെ കൊലപ്പെടുത്തിയ ശേഷം മറ്റേ ആൾ ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. അതേസമയം സംഘർഷത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ഒല്ലൂർ എസിപി, മണ്ണുത്തി സി ഐ ഉൾപ്പെടെ ഉള്ളവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മാത്രമേ ഇരുവരുടെയും മരണകാരണം സംബന്ധിച്ച് വ്യക്തത വരൂവെന്നു പൊലീസ് അറിയിച്ചു.