ചാലക്കുടി: കൊരട്ടി ചിറങ്ങരയിൽ രോഗിയുമായി പോയിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് കോൺക്രീറ്റ് കാനയിലേക്ക് ഇടിച്ചു കയറി. മാളയിലെ ആശുപത്രിയിൽ നിന്ന് അങ്കമാലിയിലെ ആശുപത്രിയിലേക്ക് രോഗിയുമായി പോയിരുന്ന ആംബുലൻസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകിട് 5 ന് ദേശീയപാത കൊരട്ടി ചിറങ്ങര സിഗ്നലിനടുത്ത വളവിൽ വെച്ചായിരുന്നു അപകടം.
കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ട ആംബുലൻസ് ദേശീയപാതയ്ക്ക് നടുവിലെ കോൺക്രീറ്റ് കാനയിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നു. മാള കുണ്ടായിയിലെ ആശുപത്രിയിൽ നിന്ന് രോഗിയുമായി അങ്കമാലിയിലെ ആശുപത്രിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. അപകടത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന മുഴുവൻ പേരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് മറ്റൊരു വാഹനത്തിൽ രോഗിയെ അങ്കമാലിയിൽ ആശുപത്രിയിൽ എത്തിച്ചു.