കൊടുങ്ങല്ലൂർ: മഴ കനത്തതോടെ കൊടുങ്ങല്ലൂരിലെ തീരമേഖലയിൽ കടലാക്രമണം തുടങ്ങി. എടവിലങ്ങ് പഞ്ചായത്തിലെ കാരവാക്കട പ്പുറത്താണ് കടൽക്ഷോഭം രൂക്ഷമായിട്ടുള്ളത്. വാക്കടപ്പുറത്ത് വളവത്ത് സജി, പാണ്ടികശാലക്കൽ സുരേഷ്, പോണത്ത് ശാരദ എന്നിവരുടെ വീടുകളിൽ കടൽകയറി. കടൽക്ഷോഭം തുടർന്നാൽ ഈ വീടുകൾക്ക് കേടുപാട് സംഭവിക്കുമെന്ന ആശങ്കയിലാണ് വീട്ടുകാർ.
മറ്റു പന്ത്രണ്ടോളം വീടുകളും കടലാക്രമണ ഭീഷണി നേരിടുന്നുണ്ട്. കടൽഭിത്തിയില്ലാത്തതിനാൽ ഇവിടെ ശക്തമായ തിരമാല വീടുകളിലേക്ക് നേരിട്ട് അടിച്ചു കയറുന്ന അവസ്ഥയാണുള്ളത്. എടവിലങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് നിഷ അജിതൻ, വൈസ് പ്രസിഡൻ്റ് സന്തോഷ് കോരുച്ചാലിൽ, വാർഡ് മെംബർ വിനിൽ ദാസ്, പഞ്ചായത്തംഗങ്ങളായ ഗിരീഷ്, ഷാഹിന, സുബി പ്രമോദ്, ബിന്ദു രാധാകൃഷ്ണൻ എന്നിവർ കടൽക്ഷോഭ ബാധിത പ്രദേശം സന്ദർശിച്ചു.