കൊടുങ്ങല്ലൂർ: മത്സ്യതൊഴിലാളി കുടുംബങ്ങൾക്ക് മുന്നിൽ ഇല്ലായ്മ വിളമ്പുന്ന ട്രോളിംഗ് നിരോധന കാലത്തിന് തുടക്കമായി. ഇന്നലെ അർദ്ധരാത്രി മുതൽ നിലവിൽ വന്ന ട്രോളിംഗ് നിരോധനം അഴീക്കോട് – മുനമ്പം മേഖലയിലെ പതിനയ്യായിരത്തോളം തൊഴിലാളികളെയാണ് നേരിട്ട് പ്രതിസന്ധിയിലാക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ കേരള തീരത്ത് യന്ത്ര വത്കൃത ബോട്ടുകൾക്ക് മത്സ്യ ബന്ധനത്തിന് പൂർണ്ണ നിരോധനമായിരിക്കും എന്നാൽ പരമ്പരാഗത വള്ളങ്ങൾക്ക് മീൻപിടിക്കുന്നവർക്ക് വിലക്കില്ല. ഇന്ധന വിലവർദ്ധനവും, മത്സ്യ ക്ഷാമവും മൂലം മത്സ്യ ബന്ധന മേഖല നിലവിൽ പ്രതിസന്ധിയിലാണ്.
ഇതിനിടയിലാണ് ട്രോളിങ് നിരോധനം കൂടി വന്നെത്തുന്നത്. ദിവസങ്ങളോളം കടലിൽ തങ്ങി മത്സ്യ ബന്ധനം നടത്തുന്ന വലിയ ബോട്ടുകൾക്കും, 24 മണിക്കൂർ മാത്രം കടലിൽ കഴിയുന്ന ചെറിയ ബോട്ടുകൾക്കും ഒരേ രീതിയിലുള്ള നിയന്ത്രണം ഏർപ്പെടുത്തുന്നത് പുന:പരിശോധിക്കണമെന്ന ആവശ്യം പതിവായി ഉയരുന്നുണ്ടെങ്കിലും പരിഹാരം അകലെയാണ്. ക്ഷേമനിധി ബോർഡിൽ അംഗമായ മത്സ്യതൊഴിലാളികൾക്ക് പഞ്ഞകാലമെന്ന നിലയിൽ ട്രോളിംഗ് നിരോധന കാലത്ത് നാമമാത്രമായ ധനസഹായം ലഭിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി അതും തടസപ്പെട്ട നിലയിലാണ്. ട്രോളിംഗ് കാലത്തെ അതിജീവിക്കാൻ തൊഴിലാളികൾക്ക് സർക്കാർ കൂടുതൽ സഹായം നൽകണമെന്നും, ചെറിയ ബോട്ടുകൾക്ക് നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് പരിഗണിക്കണമെന്നും ബോട്ട് ജീവനക്കാരനും പൊതു പ്രവർത്തകനുമായ നൗഷാദ് കൈതവളപ്പിൽ ആവശ്യപ്പെട്ടു.