കൊടുങ്ങല്ലൂർ: വഴിവിളക്കുകൾ തെളിയാത്തതിനെതിരെ കൊടുങ്ങല്ലൂർ നഗരസഭ കൗൺസിൽ യോഗത്തിൽ ബി.ജെ.പി കൗൺസിലർമാർ മെഴുകുതിരി തെളിയിച്ച് പ്രതിഷേധിച്ചു. റോഡുകളുടെ ശോചനീയാവസ്ഥയും വഴിവിളക്കുകൾ ഇല്ലാത്തതും കാരണം ജനങ്ങൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമാണ് കൊടുങ്ങല്ലൂരിൽ ഉള്ളതെന്ന് പ്രതിപക്ഷം ആരോപിച്ചു.
സർക്കിൾ ഓഫീസ് പരിസരത്ത് കാനയിലെ മലിന ജലം പൊട്ടിയൊഴുകുന്നതിന് പരിഹാരം കാണാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും. പ്രതിപക്ഷ നേതാവ് ടി.എസ്. സജീവൻ കുറ്റപ്പെടുത്തി. പ്രതിപക്ഷ ഉപനേതാവ് രശ്മി ബാബു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ, കൗൺസിലർമാരായ ശാലിനി വെങ്കിടേഷ്, ശിവറാം, വിനീത ടിങ്കു തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി. തെരുവ് വിളക്ക് പ്രശ്നം അടിയന്തിരമായി പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുള്ളതായി ചെയർപേഴ്സൺ ടി.കെ. ഗീത യോഗത്തെ അറിയിച്ചു.