പെരിങ്ങോട്ടുകര: യുവാവിനെ വീട്ടിൽ കയറി മർദ്ദിച്ച് തട്ടികൊണ്ടുപോയ സംഘത്തെ അന്തിക്കാട് പോലീസ് എറണാകുളം പോലിസിൻ്റെ സഹായത്തോടെ പിന്തുടർന്ന് പിടികൂടി. പെരിങ്ങോട്ടുകര താന്ന്യം വെള്ളിയാഴ്ച ചന്തയ്ക്ക് സമീപം വാഴൂർ കൃഷ്ണദേവിനെയാണ് തട്ടികൊണ്ടുപോയത്. കൊടുങ്ങല്ലൂർ ഏറിയാട് സ്വദേശി ചെട്ടിയാറ ബിനിൽ (29), മൂത്തകുന്നം വടക്കേക്കര വാലത്ത് ആന്റണി റോഹൻ (42), ആലപ്പുഴ മാരാരിക്കുളം നിധീഷ് ഭവനിൽ നിധീഷ് (36) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാച രാത്രി ആയുധധാരികളായ മൂന്നംഗ സംഘം വീട്ടിൽകയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൃഷ്ണദേവിനെ അടിച്ചവശനാക്കി കാറിൽ കയറ്റി കൊണ്ടു പോവുകയായിരുന്നു.
മുപ്പതുലക്ഷം തന്നാൽ വിട്ടയക്കാമെന്ന് പറഞ്ഞായിരുന്നു തട്ടികൊണ്ടുപോകൽ. വിവരമറിഞ്ഞെത്തിയ അന്തിക്കാട് പോലീസ് ഇവർ വന്ന എർട്ടിഗ കാറിനെ പിന്തുടർന്നു. തുടർന്ന് എറണാകുളം ഇടപ്പള്ളിയിൽ വെച്ചാണ് സംഘത്തെ പിടികൂടാനായത്. അന്തിക്കാട് പോലീസ് ഇൻസ്‌പെക്ടർ വി.എസ്. വിനീഷ്, എസ്.ഐ. മാരായ കെ.ജെ. പ്രവീൺ, എസ്.ഷിജു, അബ്ദുൾ സലാം, സി.പി.ഒ. മാരായ ബിനോയ്, സുർജിത്ത് സാഗർ, അഭിലാഷ്, അരുൺ എന്നിവരും എറണാകുളം പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.