കടപ്പുറം: പഞ്ചായത്തിലെ അതിരൂക്ഷമായ കടല്‍ക്ഷോഭ പ്രദേശങ്ങളില്‍ അടിയന്തിരമായി കടല്‍ഭിത്തികള്‍ സ്ഥാപിക്കണമെന്നും, കടൽക്ഷോഭത്തിൽ ദുരിതമനുഭവിക്കുന്ന കടപ്പുറം പഞ്ചായത്തിനെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് തീരദേശവാസികളുടെ പ്രതിഷേധം. കടല്‍ക്ഷോഭത്തിന് ശാശ്വതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് തീരദേശവാസികള്‍ അഞ്ചങ്ങാടി വളവില്‍ റോഡ് ഉപരോധിച്ചാണ് പ്രതിഷേധിച്ചത്. മേഖലയിലെ പ്രധാന റോഡായ അഹമ്മദ് ഗുരുക്കള്‍ റോഡാണ് നാട്ടുകാര്‍ ഉപരോധിച്ചത്. വർഷങ്ങളായി ഉണ്ടാകുന്ന കടൽക്ഷോഭം കടപ്പുറം പഞ്ചായത്തിനെ കാർന്നുകൊണ്ടിരിക്കുന്നു.
നൂറുകണക്കിന് വീടുകളും, ഏക്കർ കണക്കിന് സ്ഥലവും നഷ്ടപ്പെട്ട കടപ്പുറം പഞ്ചായത്ത് പ്രധാന റോഡായ അഹമ്മദ് ഗുരുക്കൾ റോഡും,കടലും തമ്മിൽ ഏകദേശം 10 മീറ്റർ അകലമേ ഉള്ളൂ.ഇനിയും കടൽഭിത്തി നിർമ്മാണം നടത്തിയിട്ടില്ലെങ്കിൽ റോഡ് വിട്ട് കിഴക്കോട്ട് കടൽ വരികയും,കടപ്പുറം പഞ്ചായത്ത് പരിപൂർണ്ണമായ കടലെടുത്ത് പോകുന്ന അവസ്ഥയും ഉണ്ടാകും. അടിയന്തരമായി കടൽഭിത്തി നിർമ്മിക്കുന്നതിന് ആവശ്യമായ നടപടി കേന്ദ്ര,സംസ്ഥാന സർക്കാറുകൾ കൈക്കൊള്ളണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. സമരത്തിന് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി.മുസ്താഖ് അലി, കെ.ഡി. വീരമണി, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.പി. മൻസൂർ അലി ,ശുഭ ജയൻ, ടി.ആർ. ഇബ്രാഹിം, പി.കെ.ബഷീർ, പി.എം. മുജീബ്, പി.എ. അഷ്കർ അലി, വി.എം. മനാഫ്, എ.എച്ച്. ആബിദ്, ഫതഹ്, പി.എ. നാസർ എന്നിവർ സമരത്തിന് നേതൃത്വം നൽകി. പിന്നീട് പോലിസ് എത്തി പ്രതിഷേധക്കാരെ മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചെറിയ തോതില്‍ വാക്കേറ്റമുണ്ടായി. പിന്നീട് പോലീസ് ഇടപെടലില്‍ പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയി.