വാടാനപ്പള്ളി: ഡബിൾ ഡോർ ഫ്രിഡ്ജിൽ ഗ്യാസ് നിറക്കുന്നതിനിടയിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് തൊഴിലാളിക്ക് പരിക്കേറ്റു. വാടാനപ്പള്ളി സ്വദേശി കാഞ്ഞിരപ്പള്ളി വീട്ടിൽ ജിമ്മിക്കാണ് പരിക്കേറ്റത്. ഇയാളെ ആദ്യം ചേറ്റുവയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സക്കായി തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ 10.30 ഓടെ ചേറ്റുവ നാലുമൂല വൈലി ക്ഷേത്രത്തിനടുത്ത് നെടിയേടത്ത് അനൂപിന്റെ വീട്ടിലായിരുന്നു അപകടം. ഗ്യാസ് നിറക്കുന്നതിനിടയിൽ സിലിണ്ടർ പൊട്ടി വീടിനുള്ളിൽ അടുക്കള ഭാഗത്ത് തീ ആളിക്കത്തുകയായിരുന്നു
സ്ഥലത്തെത്തിയ വാടാനപ്പള്ളി പോലീസ് അറിയിച്ചതിനെ തുടർന്ന് എത്തിയ ഗുരുവായൂരിൽ നിന്നുള്ള അഗ്നി സുരക്ഷസേന എത്തിയാണ് തീ അണച്ചത്.
വീട്ടിൽ മെയിൻ്റൻസ് പ്രവർത്തിയുടെ ഭാഗമായി പെയിൻ്റിംങ്ങ് നടക്കുന്നതിനാൽ ലിറ്റർ കണക്കിന് ടർപ്പെൻ്റ് ഉൾപ്പെടെ തീ പടരാൻ സാധ്യതയുള്ള പെയിൻ്റിംങ്ങ് വസ്തുക്കളും, വലിയ ഗ്യാസ് സിലിണ്ടറും അടുക്കളയിൽ ഉണ്ടായിരുന്നു. തീ കത്തുന്നതിനിടയിൽ ഇവ മാറ്റിയതിനാൽ വൻ അപകടം ഒഴിവായി.
അപകട സ്ഥലത്ത് പതിനഞ്ചോളം പേർ പണിയെടുത്തിരുന്നു. തൊഴിലാളികൾ ചായ കുടിക്കാൻ പുറത്തുപോയ സമയത്താണ് സംഭവമുണ്ടായ തെന്നതിനാൽ കൂടുതൽ അപകടം ഒഴിവായി. ദുബൈയിൽ ടൂറിസം കമ്പനി നടത്തുന്ന നെടിയേടത്ത് അനൂപിൻ്റെ ഏകദേശം ആറായിരത്തോളം ചതുരശ്ര വിസ്തീർണമുള്ള വീട്ടിലാണ് അപകടം ഉണ്ടായത്. അടുക്കള ഭാഗമുൾപ്പടെ വുഡ് പാനലുകളിൽ ഇൻ്റീരിയർ വർക്കുകൾ ഉള്ളതാണ് തീ പെട്ടെന്ന് പടരാൻ കാരണമായത്. ദീപു വൈലിത്തറ, കെ.ആർ പ്രനിൽ, ജിനീഷ്, ദീപക്ക്, കിരൺ, സി.പി.എം ലോക്കൽ കമ്മറ്റി സെക്രട്ടറി കെ.ആർ. രാജേഷ്, എന്നിവർ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.