കയ്പമംഗലം: കൂരിക്കുഴി കമ്പനിക്കടവിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് മൂന്ന് തൊഴിലാളികൾക്ക് പരിക്ക്. ഇന്ന് രാവിലെ ഏഴരയോടെയാണ് കടപ്പുറത്ത് അപകടമുണ്ടായത്. കൂരിക്കുഴി സ്വദേശി തൈക്കാട് സുരയുടെ ഭാഗ്യമാല എന്ന മൂട് വെട്ടി വള്ളമാണ് അപകടത്തിൽ പെട്ടത്, മീൻപിടിത്തത്തിനായി കരയിൽ നിന്നും കടലിലേക്ക് ഇറക്കവെ ശക്തമായ തിരമാലയിൽപെട്ട് വള്ളം മറിയുകയായിരുന്നു, ഉടമ സുര, വിബിൻ, കുട്ടു എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്, മൂന്ന് പേരും സാഹസികമായി നീന്തിക്കയറി രക്ഷപ്പെടുകയായിരുന്നു. മറിഞ്ഞ വള്ളവും കരക്കടുപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.