തൃശൂർ: വിനോദിനും സുജാതയ്ക്കും ഈ നിമിഷം ഭാഗ്യക്കുറി കിട്ടിയ കണക്കെ അവിസ്മരണീയമായിരുന്നു. ഭർത്താവ് ഒഴിയുന്ന സീറ്റിൽ ഭാര്യ ചുമതലയേൽക്കുന്ന അപൂർവ്വ നിമിഷത്തിന് തൃശൂർ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസ് സാക്ഷ്യം വഹിച്ചു. കൊടുങ്ങല്ലൂർ സ്വദേശിയായ പി.ബി. വിനോദ് കഴിഞ്ഞ മൂന്ന് വർഷമായി തൃശൂർ ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസറായി ജോലി ചെയ്തു വരികയായിരുന്നു. ആലപ്പുഴ ജില്ലാ ഭാഗ്യക്കുറി ഓഫീസറായി വിനോദിന് സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് വിനോദിൻ്റെ ഭാര്യ സുജാത എത്തിയത്. സർക്കാർ സർവ്വീസിൽ ഭാര്യക്ക് ഔദ്യോഗിക ചുമതല കൈമാറുകയെന്ന അപൂർവ്വ ഭാഗ്യം വിനോദിനും, ഭർത്താവിൽ നിന്നും ചുമതലയേൽക്കാനുള്ള അവസരം സുജാതക്കും ലഭിച്ചു.കഴിഞ്ഞ 23 വർഷമായി വിനോദും, പതിനെട്ട് വർഷമായി സുജാതയും ഭാഗ്യക്കുറി വകുപ്പിൽ ജോലി ചെയ്തുവരികയാണ്.