കാഞ്ഞാണി: നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് അരിമ്പൂരിലും കണ്ടശ്ശാങ്കടവിലും എസ്എഫ്ഐ പ്രവർത്തകർ സ്‌കൂളിലെത്തി അധ്യയനം നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. പ്രതിഷേധവുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് എത്തിയാണ് നീക്കിയത്. എസ്എഫ്ഐ അരിമ്പൂർ ലോക്കൽ കമ്മറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ അരിമ്പൂർ ഹൈസ്‌കൂളിൽ പത്തോളം പ്രവർത്തകരാണ് ആദ്യം പ്രതിഷേധിച്ചെത്തിയത്. പഠിപ്പുമുടക്കിൽ സഹകരിച്ച് വിദ്യാർത്ഥികളെ വിട്ടയക്കണ മെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. എന്നാൽ സ്‌കൂൾ അധികാരികൾ ഇതിന് തയ്യാറായില്ല.
ഒരു രാഷ്ട്രീയ കക്ഷികളുടെയും പേരിൽ സ്‌കൂളിൽ അധ്യയനം തടസപ്പെടാൻ അനുവദിക്കില്ല എന്നത് പിടിഎ കമ്മറ്റിയുടെ തീരുമാനമാണെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് അന്തിക്കാട് എസ്ഐ ജോസി ജോസിന്റെ മനേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ നീക്കം ചെയ്തത്. എസ്എഫ്ഐ ലോക്കൽ സെക്രട്ടറി അനന്തകൃഷ്ണൻ, പ്രസിഡന്റ് അഞ്ജലി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇതിനിടയിൽ കണ്ടശ്ശാങ്കടവ് പ്രൊഫ ജോസഫ് മുണ്ടശ്ശേരി സ്മാരക ഗവ. ഹയർ സെക്കന്ററി സ്‌കൂളിലും എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചു. ഇവരെയും പോലീസ് എത്തിയാണ് നീക്കം ചെയ്തത്.