ചാവക്കാട്: പട്ടാപകല്‍ വീട്ടമ്മയുടെ ദേഹത്തേക്ക് മുളകുപൊടിയെറിഞ്ഞ് കവര്‍ച്ച ശ്രമം. മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിന് മുന്‍വശം ആലഞ്ചേരി സുജിത്തിന്റെ വീട്ടിൽ ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് സംഭവം. സുജിത്തിന്റെ ഭാര്യ പ്രീജയുടെ ദേഹത്തേക്കാണ് മുളകുപൊടി എറിഞ്ഞത്. ഈ സമയം പ്രീജ മാത്രമായിരുന്നു വീട്ടിൽ. മുൻവശത്തെ വാതിലിൽ തട്ടുന്ന ശബ്ദം കേട്ടതോടെ സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയിരുന്ന ഭർത്താവാണെന്ന് കരുതി പ്രീജ വാതിൽ തുറന്നു.
ഉടൻ തന്നെ മുഖം മറച്ചെത്തിയ മോഷ്ട്ടാവ് മുളകുപൊടി മുഖത്തേക്ക് എറിയുകയായിരുന്നു. എന്നാൽ പൊടി ദേഹത്തേക്കാണ് പതിഞ്ഞത്. ഇതോടെ പ്രീജ നിലവിളിച്ച് പിൻ വാതിലിൽ കൂടി പുറത്തേക്ക് ഓടി. ബഹളം കേട്ട് അയൽവാസികൾ ഓടിയെത്തിയെങ്കിലും മോഷ്ട്ടാവിനെ കണ്ടെത്താനായില്ല. തളർന്നുവീണ പ്രീജയെ ഉടൻ തന്നെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. മുഖം മറച്ചയാൾ കറുത്ത ടീ ഷർട്ടും,ക്രീം നിറത്തിലുള്ള പാന്റുമാണ് ധരിച്ചിരുന്നതെന്ന് പ്രീജ പറഞ്ഞു. ചാവക്കാട് പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തി.