അരിമ്പൂർ: വെള്ളം ഉയർന്നതിനെ തുടർന്ന് അന്തിക്കാട് പോലീസും അരിമ്പൂർ പഞ്ചായത്ത് അധികൃതരും പിഡബ്ല്യുഡി ഉദ്യോഗസ്ഥരും ചേർന്ന് വ്യാഴാഴ്ച അടച്ചു പൂട്ടിയ പുള്ള് മനക്കൊടി റോഡിൽ മുന്നറിയിപ്പുകളെല്ലാം അവഗണിച്ച് വാഹന യാത്ര. അപകടം ക്ഷണിച്ചു വരുത്തുന്ന ഈ വാഹന യാത്രക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം പുള്ളിൽ നിന്നും അരിമ്പൂരിലേക്ക് യാത്രക്കാരുമായി വന്ന കാർ വാരിയം കോൾപാടശേഖരത്തിന്റെ മോട്ടോർ പുരയ്ക്ക് സമീപം വെച്ച് വെള്ളം കയറി നടുറോഡിൽ കേടായി മണിക്കൂറോളം വെള്ളത്തിൽ കിടന്നു. ഈ വാഹനം പിന്നീട് തളിക്കുളത്ത് നിന്ന് എത്തിയ പിക്കപ്പ് വാൻ കെട്ടി വലിച്ചാണ് കൊണ്ടുപോയത്.
ഈ സംഭവം അറിഞ്ഞതിനെ തുടർന്ന് സ്ഥലത്തെത്തിയ വാർഡ് അംഗം കെ രാകേഷ്, വാരിയം പടവ് സെക്രട്ടറി കെ. കെ. അശോകൻ എന്നിവർ കൂടുതൽ വാഹനങ്ങൾ അപകടത്തിൽ പെടാതിരിക്കാൻ വേണ്ടി വീണ്ടും ഗതാഗത നിരോധന ബോർഡ് കെട്ടി വഴി അടയ്ക്കാൻ ശ്രമിച്ചുവെങ്കിലും ഇതിനെയും അവഗണിച്ച് പലയാത്രക്കാരും ഇവരോട് വഴക്കിടുകയും നിരോധനങ്ങൾ ലംഘിച്ച് കടന്നുപോവുകയും ചെയ്തു. കനത്ത മഴയിൽ പാടശേഖരങ്ങളിൽ വെള്ളം ഉയർന്ന് റോഡിനു മുകളിലൂടെ കവിഞ്ഞൊഴുകിയതിനെ തുടർന്ന് അപകട സാധ്യത കണക്കിലെടുത്താണ് അധികൃതർ ഗതാഗത വ്യാഴം മുതൽ നിരോധനമേർപെടുത്തിയത്. മനക്കൊടി – പുളള് റോഡും മനക്കൊടി – കോടന്നൂർ ശാസ്താംകടവ് റോഡും അടച്ചിരുന്നു. തൃശ്ശൂരിലേക്കുള്ള എളുപ്പവഴി ആയതിനാൽ ഇതുവഴി നിരവധി വാഹനങ്ങളാണ് ഇടതടവില്ലാതെ വരുന്നത്. റോഡിലാകെ ഒഴുകി നിറഞ്ഞ വെള്ളകെട്ടും റോഡിന് ഒരു വശത്ത് നിറഞ്ഞ് കിടക്കുന്ന കനാലും മറുഭാഗത്ത് പുഴ സമാനം വെള്ളം നിറഞ്ഞ് കിടക്കുന്ന കോൾ പാടശേഖരങ്ങളുമാണെന്നതിനാൽ ഇത് വഴിയുള്ള ഗതാഗതം വലിയ അപകടത്തിന് കാരണമായേക്കാമെന്ന ഭീതി കൂടിയാണ് ഗതാഗതം വിലക്കാൻ അധികൃതരെ പ്രേരിപ്പിച്ചത്.
വ്യാഴാഴ്ച്ച രാത്രിയോടെ ചിലർ ഗതാഗത തടസ്സം നീക്കാൻ ശ്രമിച്ചുവെങ്കിലും വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എസ്ഐ അരിസ്റ്റോട്ടിലിൻ്റെ നേതൃത്വത്തിലുള്ള അന്തിക്കാട് പൊലിസ് ഇവരെ നീക്കം ചെയ്യുകയും ഗതാഗത നിരോധനം പുനസ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ വെള്ളിയാഴ്ച്ച രാവിലെ മുതൽ വീണ്ടും യാത്ര നിരോധന ബോർഡുകളും മറ്റ് തടസ്സങ്ങളും ഭാഗികമായി നീക്കം ചെയ്തതോടെയാണ് വാഹനങ്ങൾ കടന്ന് പോകാൻ തുടങ്ങിയത്. അപകടരമായ യാത്ര സാഹചര്യം ഒഴിവാകുന്നത് വരെ യാത്ര നിരോധനം നിലനിറുത്താൻ നിയമ നടപടികളുമായി പൊലീസ് സ്ഥലത്തുണ്ടാകണമെന്ന് വാർഡ് അംഗം കെ. രാഗേഷ് അന്തിക്കാട് പൊലീസിനോടാവശ്യപ്പെട്ടു.