അന്തിക്കാട്: കേരളത്തിലെ സഹകരണ പ്രസ്ഥാനം എല്ലാ വിധ പ്രതിസന്ധികളെയും അതിജീവിച്ച് മുന്നേറുകയാണെന്നും അതിന് തെളിവാണ് ചെത്ത് തൊഴിലാളി സംഘത്തിൻ്റെ മൂലധന ആസ്ഥി 170 കോടിയിൽ നിന്ന് 200 കോടിയായി ഉയർന്നതെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. തൃശൂർ താലൂക്ക് ചെത്ത് തൊഴിലാളി വിവിധോദേശ സഹകരണ സംഘം സാന്ത്വനം പെൻഷൻ പദ്ധതിയിൽ അംഗങ്ങളായ മെമ്പർമാർക്ക് പൊതുനന്മ ഫണ്ടിൽ നിന്നും നൽകുന്ന കർക്കിട കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.70 കഴിഞ്ഞവരെ പോലും ചേർത്ത് നിർത്തുകയെന്ന സംസ്ക്കാരമാണ് പെൻഷനും കർക്കിടക കിറ്റ് വിതരണം വഴി ലക്ഷ്യം വെക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഘം പ്രസിഡൻ്റ് ടി.കെ. മാധവൻ അധ്യക്ഷനായി. സി.സി. മുകുന്ദൻ എംഎൽഎ, അന്തിക്കാട് പഞ്ചായത്ത് പ്രസിഡൻ്റ് ജീനനന്ദൻ, സംഘം വൈസ് പ്രസിഡൻ്റ് പി.കെ. കൃഷ്ണൻ, മുൻ സംഘം പ്രസിഡൻറ് കെ.എം. ജയദേവൻ, സി.ആർ. മുരളിധരൻ, കെ ബി ജയപ്രകാശ്, കെ.പി. ചന്ദ്രൻ, സെക്രട്ടറി കെ.വി. വിനോദൻ എന്നിവർ സംസാരിച്ചു.