കാഞ്ഞാണി: സി.സി. മുകുന്ദൻ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും ആൽഫ പാലിയേറ്റീവ് കെയർ അന്തിക്കാട് ലിങ്ക് സെന്ററിനു വേണ്ടി അനുവദിച്ച ആംബുലൻസിന്റെ കൈമാറ്റം വ്യാഴാഴ്ച നടക്കുമെന്ന് ആൽഫ ലിങ്ക് സെന്റർ പ്രസിഡന്റ് കെ.ജി. ശശിധരൻ മാസ്റ്റർ, സെക്രട്ടറി അഡ്വ: കെ.ആർ. ഭരതൻ, ട്രഷറർ സി.കെ.ശിവരാമൻ മാസ്റ്റർ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സാന്ത്വന പരിചരണ രംഗത്ത് പത്ത് വർഷത്തിലേറെയായി പ്രവർത്തിച്ചു വരുന്ന ആൽഫ പാലിയേറ്റീവ് കെയർ അന്തിക്കാട് ലിങ്ക് സെന്ററിലെ നിലവിലെ വാഹനം കാലപഴക്കത്താൽ കേട് പാട് സംഭവിച്ചതോടെ എം.എൽ.എ.യെ സമീപിച്ചപ്പോഴാണ് 12 ലക്ഷം രൂപ വില വരുന്ന പുതിയ ആംബുലൻസ് അനുവദിച്ചത്.
അന്തിക്കാട് ബ്ലോക്കിലെ അഞ്ച് പഞ്ചായത്തിലെ 500 ഓളം കിടപ്പ് രോഗികളെ അവരുടെ വീടുകളിൽപ്പോയി സാന്ത്വന പരിചരണം നടത്താനാണ് ആംബുലൻസ് വിനിയോഗിക്കുക. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് സി.സി. മുകുന്ദൻ എം.എൽ.എ. ആംബുലൻസ് കൈമാറും വാഹനത്തിന്റെ ഫ്ലാഗ് ഓഫും എം.എൽ.എ. നിർവഹിക്കും. അന്തിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജീനനന്ദൻ അധ്യക്ഷത വഹിക്കും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, അന്തിക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ശശിധരൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. വിവിധ പഞ്ചായത്തിലെ പ്രസിഡന്റുമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജോ : സെക്രട്ടറി വിൻസെന്റ് കെ. വർഗീസ്, സി.ആർ. രാജീവ് എന്നിവരും പങ്കെടുത്തു