കാഞ്ഞാണി: മണലൂർ പഞ്ചായത്തിലെ കണ്ടശാങ്കടവ് മാമ്പുള്ളിയിൽ സ്വകാര്യ വ്യക്തി പുഴ കയ്യേറിയതായി കണ്ടെത്തിയതിനെ തുടർന്ന് കെഎസ്കെടിയു കാരമുക്ക് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഴകയ്യേറിയ സ്ഥലത്തേക്ക് മാർച്ച് നടത്തുകയും പുഴകയ്യേറി നികത്തിയ സ്ഥലത്തുനിന്നും തിരികെ മണ്ണ് പ്രതീകാത്മകമായി പുഴയിലേക്ക് വെട്ടിയിട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തു. മണലൂർ ഏരിയ സെക്രട്ടറി പി.എ. രമേശൻ ഉദ്ഘാടനം ചെയ്തു.
സിപിഐഎം ഏരിയ കമ്മിറ്റിയംഗം വി.വി. സജീന്ദ്രൻ അധ്യക്ഷനായി. കാരമുക്ക് ലോക്കൽ സെക്രട്ടറി വി.വി. പ്രഭാത്, കെഎസ്കെടിയു മണലൂർ ഏരിയ ജോ.സെക്രട്ടറി ജനാർദ്ദനൻ മണ്ണുമ്മൽ, സി.എ. മുരളി, ടി.വി. ബാലകൃഷ്ണൻ, എം.വി. ഷാജി, കണ്ണൻ കൂട്ടാല, എന്നിവർ സംസാരിച്ചു. പുഴ കയ്യേറ്റം സംബന്ധിച്ച് സംബന്ധിച്ച് വില്ലേജ് ഓഫീസർക്കും, തൃശൂർ താലൂക്ക് ഓഫീസർ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയതായും തൃശ്ശൂർ ജില്ലാ കളക്ടർക്ക് ഇത് സംബന്ധിച്ച് വിശദമായ പരാതികൾ അടുത്ത ദിവസം നൽകുമെന്നു നേതാക്കൾ പറഞ്ഞു. ഏനാമാക്കൽ പള്ളിക്കടവിൽ സ്വകാര്യ മാഫിയകൾ ഒന്നര ഏക്കറോളം കയ്യേറിയതിന്റെ സമാന രീതിയിലാണ് ഇവിടെയും കയ്യേറ്റം നടന്നിട്ടുള്ളത്. ഏനാമാക്കലിലെ കയ്യേറ്റത്തിനെതിരെ കെഎസ്കെടിയുവിന്റെ നേതൃത്വത്തിൽ മാസങ്ങളോളം നടന്ന നിരന്തര പ്രക്ഷോഭത്തിന് ഒടുവിൽ ആണ് പുഴ പൂർവ്വസ്ഥിതിയിലാക്കാൻ നടപടി ഉണ്ടായത്. അത്തരത്തിലൊരു പ്രക്ഷോഭം തന്നെ മാമ്പുള്ളിയിലും സംഘടിപ്പിക്കുമെന്നും പുഴ പൂർവ്വസ്ഥിതിയിൽ ആക്കുന്നത് വരെ നിരന്തര പ്രക്ഷോഭവും നിയമ നടപടികളും ഉണ്ടാകുമെന്നും കെഎസ്കെടിയു മണലൂർ ഏരിയ സെക്രട്ടറി പി.എ. രമേശൻ പറഞ്ഞു.