പഴുവിൽ: കൂറ്റൻ മരം കടപുഴകി വീണു. കിഴുപ്പിള്ളിക്കര -പഴുവിൽ റോഡിൻ്റെ പാർശ്വങ്ങളിൽ നിലകൊള്ളുന്ന വലിയ മരമാണ് പുത്തൻ തോട്ടിലേക്കു നിലംപൊത്തിയത്. തൃശൂർ – കാട്ടൂർ റൂട്ടിലെ പ്രധാന പാതയാണിത്. ഒരു ഡസനോളം ബസ്സുകളും നൂറുകണക്കിനു മറുവാഹനങ്ങളും ഇടതടവില്ലാതെ പായുന്ന റോഡിലാണ് ഇന്നു രാവിലെ മരം വീണത്.
പുത്തൻ തോട്ടിലേക്കു വീഴുന്ന ശബ്ദം കേട്ട വീട്ടുകാർ അട്ടഹാസത്തോടെയാണ് പുറത്തേക്കു ഓടിയത് പാടശേഖരത്തിലും പുത്തൻ തോട്ടിലും ജലനിരപ്പുയർന്നതോടെ ഇതു വഴിയുള്ള ഗതാഗതം പൂർണ്ണമായും സ്തംഭിപ്പിച്ചിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചാഴൂർ പഞ്ചായത്തു പരിധിയിൽ വരുന്ന ഈ പ്രദേശത്തെ മരങ്ങൾ ഇനിയും നീക്കം ചെയ്തില്ലെങ്കിൽ റോഡു തകർന്നു പ്പോകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പൊതു പ്രവർത്തകനായ ഉമ്മർ പഴുവിലിൻ്റെയും വാർഡുമെമ്പർ പുഷ്പയുടെയും നേതൃത്വത്തിൽ ടാർ വീപ്പകൾ കൊണ്ട് റോഡു തകർന്ന ഭാഗം കയർകെട്ടി അടയാളപ്പെടുത്തിയിട്ടുണ്ട്.