വലപ്പാട്: വലപ്പാട് ആർസിഎൽപി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥി ഐദാൻ മുഹമ്മദ് വലപ്പാട് പഞ്ചായത്ത് ഓഫീസിൽ വ്യാഴാഴ്ച എത്തിയത് കയ്യിൽ 3 കാശി കുടുക്കയുമായാണ്. 3 വർഷമായി സ്വരുകൂട്ടി വെച്ച തന്റെ കുരുന്നു സമ്പാദ്യവുമായിരുന്നു കയ്യിൽ. പത്രങ്ങളിലും ചാനലുകളിലും വയനാട് ദുരന്തത്തെ കുറിച്ചുള്ള വാർത്തകൾ ഈ കുരുന്നു ഹൃദയത്തെ ഉലച്ചു. പിന്നെ ഒന്നും നോക്കിയില്ല തൻ്റെ കാശി കുടുക്കയിലെ പണം എങ്ങിനെയെങ്കിലും വയനാട്ടിലെ ദുരന്ത ബാധിതർക്ക് എത്തിക്കണം എന്നതായിരുന്നു ചിന്ത.
ആവശ്യം ഉന്നയിച്ചെത്തിയ നാലാം ക്ലാസുകാരനോട് വിവരങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ജനപ്രതിനിധികൾ രക്ഷിതാക്കളെ ബന്ധപ്പെടുകയും ഇവരുടെ സമ്മതത്തോടെ ഐദാൻ്റെ മൂന്ന് സമ്പാദ്യ കുടുക്കയും ഏറ്റുവാങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് ഷിനിത ആഷിക്കിൻ്റെയും സെക്രട്ടറിയുടെയും മറ്റു ജനപ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു നടപടി. കുടുക്ക പൊട്ടിച്ച് എണ്ണി നോക്കിയപ്പോൾ 10333 രൂപ ഉണ്ടായിരുന്നു. നാടിനും മാതാപിതാക്കൾകും അഭിമാനമായ പ്രവർത്തനം നടത്തിയ നാലാം ക്ലാസുകാരൻ്റെ മനസിൻ്റെ നന്മ എല്ലാവർക്കും ഉണ്ടാവട്ടെയെന്ന് ജനപ്രതിനിധികൾ ആശംസിച്ചു. ഒപ്പം അഭിനന്ദവും അറിയിച്ചാണ് ഐദാനെ ഇവർ യാത്രയാക്കിയത്. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.