കൊടുങ്ങല്ലൂർ: ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം. ഇത് സംബന്ധിച്ച് മാതാപിതാക്കൾ ഗവർണർക്കും, മുഖ്യമന്ത്രിക്കും പരാതി നൽകി. കാവിൽകടവ് പാറേക്കാട്ടിൽ ജാക്സൻ്റെ മകൻ ഏഴാം ക്ലാസ് വിദ്യാർത്ഥി ഷോൺ ജാക്സൻ്റെ മരണത്തിൽ അസ്വാഭാവികത യുണ്ടെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഇക്കഴിഞ്ഞ മെയ് 27 ന് പുലർച്ചെയാണ് ഷോണിനെ കാണാതായത്. പിറ്റേന്ന് രാവിലെ കുട്ടിയെ കനോലി കനാലിൽ മരിച്ച നിലയിൽ കണ്ടെത്തുക യായിരുന്നു. തൻ്റെ മകൻ ആത്മഹത്യ ചെയ്യാൻ തക്കതായ കാരണങ്ങളില്ലെന്നും, അഥവാ ആത്മഹത്യ ചെയ്യുകയായിരുന്നെങ്കിൽ അതിനു പിറകിൽ മറ്റാരുടേയോ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്നുമാണ് ജാക്സൺ പറയുന്നത്.
ഷോൺ എഴുതിയതെന്ന് പറയുന്ന ആത്മഹത്യാ കുറിപ്പിലെ കൈയ്യക്ഷരം മറ്റാരുടേതോ ആണെന്നും, ഇക്കാര്യം പൊലീസിൻ്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും അന്വേഷണ ഉദ്യോഗസ്ഥർ ഇക്കാര്യം ഗൗരവത്തിലെടുത്തില്ലെന്നും ഷോണിൻ്റെ മാതാപിതാക്കൾ പറഞ്ഞു. അഞ്ചാംക്ലാസ് മുതൽ കോട്ടയം രാജഗിരി സേവാഗ്രാം പള്ളിക്കൂടത്തിൽ ഹോസ്റ്റലിൽ താമസിച്ചു പഠിചുവന്നിരുന്ന ഷോൺ, മെയ് 27 ന് അവധി കഴിഞ്ഞ് സ്കൂളിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു. രാത്രി അച്ഛനോടൊപ്പം കിടന്നുറങ്ങിയ ഷോണിനെ പുലർച്ചെ കാണാതാകുകയായിരുന്നു. തുടർന്ന് കുടുംബാംഗങ്ങളും നാട്ടുകാരും തെരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. പിറ്റേ ദിവസം ഷോണിൻ്റെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ പൊലീസ് വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്ന് ജാക്സൺ ആരോപിക്കുന്നു. ഏക മകൻ്റെ മരണത്തിന് പിറകിലുള്ള ദുരൂഹത അകറ്റുവാൻ നിയമയുദ്ധത്തി നൊരുങ്ങുകയാണ് മാതാപിതാക്കൾ.