കൊടുങ്ങല്ലൂർ: അടച്ചിട്ട വീടുകൾ കേന്ദ്രീകരിച്ച് കവർച്ച പരമ്പര നടത്തിയ മോഷ്ടാവ് പിടിയിൽ. കൊടുങ്ങല്ലൂർ ഉൾപ്പടെ ജില്ലയ്ക്കകത്തും പുറത്തും നിരവധി മോഷണങ്ങൾ നടത്തിയ പുതുക്കാട് സ്വദേശി കരയാംവീട്ടിൽ വിനോദിനെയാണ് (40) തൃശൂർ റൂറൽ എസ്.പി. നവനീത് ശർമ്മയുടെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി. സുരേഷ്, കാട്ടൂർ ഇൻസ്പെക്ടർ ഇ.ആർ. ബൈജു എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂരിലെ കോട്ടപ്പുറത്ത് രണ്ട് വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തിയ ഇയാൾ കാട്ടൂരിൽ മൂന്നും ഇരിങ്ങാലക്കുടയിൽ നാലും, മതിലകം, പറവൂർ ചേർപ്പ് ഭാഗങ്ങളിലെ ഓരോ വീടുകളിലും കവർച്ച നടത്തിയതായി തെളിഞ്ഞു. പടിയൂർ പഞ്ചായത്തിനു സമീപമുള്ള വീട്ടിലും, അരീപ്പാലത്തുള്ള വീട്ടിലും മോഷണം നടത്തിയ കേസിൻ്റെ അന്വേഷണത്തിനിടയിലാണ് പ്രതി പിടിയിലായത്. സി.സി ടിവി ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം വിനോദിൽ ചെന്നവസാനിക്കുകയായിരുന്നു. കൊടുങ്ങല്ലൂരിലുള്ള പെൺസുഹൃത്തിനെ കാണാനെത്തിയ ഇയാളെ പിന്തുടർന്ന് കാട്ടൂർ പൊലീസ് തന്ത്രപരമായി വലയിലാ ക്കുകയായിരുന്നു. ക്രൈം ടീം അംഗങ്ങളായ സീനിയർ സി.പി.ഒ സി.ജി. ധനേഷ്, ഇ.എസ്.ജീവൻ, സി.പി.ഒ കെ.എസ്. ഉമേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയുമൊത്ത് കാട്ടൂർ പൊലീസ് കൊടുങ്ങല്ലൂരിൽ തെളിവെടുപ്പ് നടത്തി.