തൃശൂർ: തുടർച്ചയായ ദിവസങ്ങളിൽ കനത്ത മഴ ലഭിച്ചതിൻ്റെ ഫലമായുള്ള നീരൊഴുക്ക് തുടരുന്നതിനാലും, വരും ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യയുള്ളതിനാലും ഓറഞ്ച് ബുക്കിലെ നിർദ്ദേശപ്രകാരം ഡാമിൻ്റെ റൂൾ ലെവൽ പാലിക്കുന്നതിന് ആവശ്യമായ മുന്നറിയിപ്പുകൾ നൽകി ഓഗസ്റ്റ് 8,9,10 തീയതികളിൽ രാവിലെ 8 മുതൽ വൈകീട്ട് 5 വരെയുള്ള സമയത്തിനിടക്ക് ചിമ്മിനി ഡാമിൽ നിന്നും റിവർ സ്ലുയിസ് വഴി ഘട്ടം ഘട്ടമായി അധികജലം പുറത്തേക്ക് ഒഴുക്കുന്നതിന് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു.
ചിമ്മിനി ഡാമിലെ സ്ലുയിസ് വാൽവ് തുറക്കുന്നതുമൂലം അധികജലം ഒഴുകിവന്ന് കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഉയരുവാൻ സാധ്യതയുള്ളതിനാൽ ഏവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. പൊതുജനങ്ങളും കുട്ടികളും പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കുറുമാലി, കരുവന്നൂർ പുഴകളിൽ മത്സ്യ ബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തും.