മുല്ലശ്ശേരി: കർക്കിടക മാസത്തിൻ്റെ പ്രാധാന്യം വിളിച്ചോതി മുല്ലശ്ശേരി ഹിന്ദു യുപി സ്കൂളിൽ പത്തിലകളുടെയും പത്തില കറികളുടെയും ദശപുഷ്പങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു. ഇലക്കറികൾ കഴിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തിന് നല്ലതാണെന്നും കർക്കിടകമാസത്തിൽ പ്രത്യേകിച്ച് ഇലക്കറികൾ കഴിക്കുന്നത് ഗുണകരമായ അനുഭവം ആകുമെന്നും കുട്ടികളെ ബോധ്യപ്പെടുത്തുന്നതിന് കൂടിയാണ് പ്രദർശനം സംഘടിപ്പിച്ചത്.
മത്ത, കുമ്പളം, ആനത്തുമ്പ, നെയ്യുണ്ണി, ചേന, പയർ, തഴുതാമ, ചീര, തുടങ്ങിയ പത്തിലകളുടെ പ്രദർശനവും ദശപുഷ്പങ്ങൾ ആയ വിഷ്ണുക്രാന്തി, കറുക, തിരുതാളി, ചെറൂള, ഉഴിഞ്ഞ നിലപ്പന, പൂവാം കുരുന്നില, മുക്കുറ്റി, മുയൽ ചെപ്പിയൻ, കുഞ്ഞുണ്ണി, തുടങ്ങിയവയും പ്രദർശനത്തിന് കുട്ടികൾ കൊണ്ടുവന്നിരുന്നു. പത്തില കറികൾ പാകം ചെയ്തു കൊണ്ടുവന്നതും കൂടാതെ പത്തിലക് ഉപയോഗിച്ച് വിവിധ വിഭവങ്ങൾ തയ്യാറാക്കിയും കൊണ്ടുവന്നിരുന്നു. ആനത്തുമ്പ ഉപയോഗിച്ച് തയ്യാറാക്കി കൊണ്ടുവന്ന ഹൽവ രുചിയൂറും വിഭവവമായി കുട്ടികളും അധ്യാപകരും രുചിച്ചു. അധ്യാപകരായ ഗീതാ സുബ്രഹ്മണ്യൻ, പി. ധന്യ, പ്രധാന അധ്യാപിക വി.സി. രേഖ. തുടങ്ങിയവർ നേതൃത്വം നൽകി.