തൃപ്രയാർ: നിർമ്മാണം പൂർത്തിയാക്കിയ നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്കിൻ്റെ പുതിയ ആസ്ഥാന മന്ദിരം സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ചൊവ്വാഴ്ച്ച രാവിലെ 11ന് നാടിന് സമർപ്പിക്കും. സമന്വയ സ്മാർട്ട് സി.സി. മുകുന്ദൻ എംഎൽഎയും, ഇലക്ട്രിക് വെഹിക്കിൾസ് ചാർജിംങ്ങ് സ്റ്റേഷൻ കേരള ബാങ്ക് വൈസ് പ്രസിഡൻ്റ് എം കെ. കണ്ണനും ഉദ്ഘാടനം ചെയ്യും. ഏഴ് പതിറ്റാണ്ടിലേറെ കാലം തീരദേശത്തിൻ്റെ സാമ്പത്തീക സാംസ്കാരിക പുരോഗതിയിൽ നിർണ്ണായക പങ്കു വഹിച്ച സ്ഥാപനമാണ് നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക്. വലപ്പാടുള്ള ബാങ്കിൻ്റെ സ്വന്തം സ്ഥലത്ത് 1957 ലാണ് പഴയ കെട്ടിടം നിർമ്മിച്ചത്. 1946ൽ പി സി സി സൊസൈറ്റിയായി രൂപം കൊണ്ട ഈ സഹകരണ സ്ഥാപനം ആല മുതൽ ചേറ്റുവ വരെ അറബിക്കടലിനും കനോലി കനാലിനുമിടയിൽ 10 പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്നു. ബാങ്കിൻ്റെ പരിധിയിൽ 10 ബ്രാഞ്ചുകളും 4 എക്സറ്റൻഷൻ കൗണ്ടറുകളുമുണ്ട്.നിലവിൽ ബാങ്കിന് കീഴിൽ രണ്ട് നീതി സ്‌റ്റോറുകളും പ്രവർത്തിക്കുന്നുണ്ട്. സഹകരണ മേഖലയിലെ അറിയപ്പെടുന്ന കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സ്വസൈറ്റിയാണ് ബാങ്കിൻ്റെ പുതിയ ആസ്ഥാന മന്ദിരം നിർമ്മിച്ചിരിക്കുന്നത്.രണ്ട് നിലയിൽ 10400 സ്ക്വയർ ഫിറ്റിലുള്ള കെട്ടിടത്തിൻ 100 പേർക്ക് ഇരിക്കാവുന്ന മിനി ഹാളും 50 പേർക്ക് ഇരിക്കാവുന്ന ട്രെയിനിംഗ് ഹാളും ഉണ്ട്. അനുബന്ധ സ്ഥാപനങ്ങളായി വലപ്പാട് ബ്രാഞ്ചും സഹകരണ സ്ഥാപനങ്ങളുടെ ഉൽപ്പന്ന വിപണന കേന്ദ്രമായ സമന്വയ സഹകരണ മാർട്ടും പ്രവർത്തിക്കും.
ഇവിടെകേരള ദിനേശ്, മിൽമ സ്‌റ്റോർ & പാർലർ, റെയ്ഡ് കോ ഉൽപ്പന്നങ്ങൾ, കേരള സോപ്സ് ( കേരള സർക്കാർ സ്ഥാപനം), പള്ളിയാക്കൽ സർവ്വീസ് സഹകരണ സംഘത്തിൻ്റെ വിവിധ തരം പൊക്കാളി അരിയും മറ്റു ഉൽപന്നങ്ങൾ എന്നിവയും, വെങ്ങിണിശ്ശേരി വെളിച്ചെണ്ണ, തങ്കമണി സർവ്വീസ് സഹകരണ ബാങ്കിൻ്റെ സഹ്യതേയില, വാരപ്പെട്ടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഗ്രീൻ പ്രോഡക്ട്, മറയൂർ ശർക്കര, മത്സ്യഫെഡ് ഉൽപ്പന്നങ്ങൾ എന്നിവ സമന്വയ മാർട്ടിൽ പ്രവർത്തിക്കും. ഇവിടെ എ ക്ലാസ് അംഗങ്ങൾക്ക് 5 % പ്രത്യേക ഇളവ് ലഭിക്കും. ഇലക്ട്രിക് വെഹിക്കിൾ ചാർജിംങ്ങ്സ്റ്റേഷൻ, മിൽമ കഫ്ത്തീരിയ എന്നിവ ബാങ്ക് അങ്കണത്തിലുമാണ് പ്രവർത്തിക്കുക. ബാങ്ക് പ്രസിഡൻ്റ് ഐ.കെ. വിഷ്ണുദാസ്, വൈസ് പ്രസിഡൻ്റ് പി.വി. മോഹനൻ, ഡയറക്ടർ ബോർഡ് അംഗം വി.പി. ആനന്ദൻ, സെക്രട്ടറി പി.സി. ഫൈസൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.