ചാവക്കാട്: ബീച്ച് പരിസരങ്ങളിൽ മാരക മയക്കുമരുന്നായ ഹാഷിഷ് ഓയിൽ വിൽപന നടത്താൻ എത്തിയ രണ്ടു യുവാക്കളെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. ചാവക്കാട് കടപ്പുറം വില്ലേജിൽ വട്ടേക്കാട് രായമ്മരക്കാർ വീട്ടിൽ മുഹ്‍സിൻ (35), ചാവക്കാട് കടപ്പുറം വട്ടേക്കാട് അറക്കൽ മുദസ്സിർ (27) എന്നവരെയാണ് ചാവക്കാട് പോലീസ് ഇൻസ്പെക്ടർ വി.വി. വിമലിൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. തൃശൂർ റേഞ്ച് ഡിഐജിയുടെ ഉത്തരവ് പ്രകാരം ഗുരുവായൂർ അസി. കമ്മീഷണർ സിനോജ്. ടിഎസിന്റെ നേതൃത്വത്തിൽ നടന്ന കോമ്പിംഗ് ഡ്യുട്ടിയോട് അനുബന്ധിച്ച് നടന്ന പരിശോധന ക്കിടെയാണ് മയക്കുമരുന്നുമായി പ്രതികൾ പിടിയിലായത്. ആന്ധ്രാ പ്രദേശിൽ നിന്നും എത്തിക്കുന്ന ഹാഷിഷ് ഓയിൽ ചാവക്കാട് എടക്കഴിയൂർ മേഖലകളിൽ തീരദേശം കേന്ദ്രീകരിച്ച് ചെറിയ ഡബ്ബകളിലാക്കി ആവശ്യക്കാർക്ക് എത്തിച്ചു വിൽപന നടത്തുന്നതാണ് ഇവരുടെ രീതി.
വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് മാഫിയക്കെതിരെയും, മയക്കുമരുന്ന് കേസുകളിൽ ഉൾപെടുന്നവർക്കെതിരെയും കാപ്പ ഉൾപ്പടെയുളള അതിശക്തമായ നടപടികളാണ് തൃശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ ജില്ലയിലുടനീളം നടന്നുവരുന്നത്. സബ് ഇൻസ്പെക്ടർ മാരായ ബാബുരാജൻ. പി.എ, അനിൽകുമാർ പി.എസ്, സിവിൽ പോലീസ് ഓഫീസർമാരായ ഹംദ്. ഇ.കെ, സന്ദീപ്, വിനോദ്, പ്രദീപ്, റോബർട്ട്, സുബീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.