തളിക്കുളം: വർഷങ്ങളായി തകർന്നു കിടക്കുന്ന തളിക്കുളം പഞ്ചായത്തിലെ റോഡുകൾ പുനർനിർമ്മിക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെടുമ്പോൾ ജലജീവന്‍ മിഷനെയും കാലാവസ്ഥയും കുറ്റം പറഞ്ഞു മാറിനിൽക്കുന്ന പഞ്ചായത്ത് പ്രസിഡണ്ട് ധൈര്യമുണ്ടെങ്കിൽ ജലജീവന്‍ മിഷനുമായി ഉണ്ടാക്കിയ കരാർ പൊതുജനങ്ങൾക്ക് മുന്നിൽ പ്രസിദ്ധപ്പെടുത്താൻ തയ്യാറാവണമെന്ന് സുനിൽ ലാലൂർ പറഞ്ഞു. അപ്പോൾ അറിയാം തളിക്കുളം പഞ്ചായത്ത് ഭരണസമിതിയുടെ പിടിപ്പുക്കേട് തകർന്ന റോഡുകളെല്ലാം മഴക്കു മുമ്പ് പണി പൂർത്തീകരി ക്കാമായിരുന്നു റോഡ് പണിയുന്നത് അനന്തമായി നീട്ടി കൊണ്ടുപോയത് കരാറുകാരെ സഹായിക്കാൻ വേണ്ടി മാത്രമാണെന്നും റോഡ് പണി ഏറ്റെടുത്ത കരാറുകാരെക്കൊണ്ട് കൃത്യസമയത്ത് പണി പൂർത്തീകരിപ്പിക്കാൻ പഞ്ചായത്ത് പ്രസിഡണ്ട് മുന്നോട്ട് വരാത്തത് അവർ തമ്മിലുള്ള അന്തർധാരയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു. റോഡ് പുനർ നിർമ്മിക്കാൻ ജല അതോറിറ്റി കൈമാറിയ തുക എടുത്തുകൊണ്ട് റോഡുകളുടെ കുഴികൾ അടക്കാൻ ആരുടെയെങ്കിലും സമ്മതം പഞ്ചായത്തിന് ആവശ്യമുണ്ടോയെന്നും ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റി കൊടുക്കാത്ത പഞ്ചായത്ത് പ്രസിഡണ്ട് ആസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും ജനകീയ സമരങ്ങളോട് നിഷേധാത്മക സമീപനം തുടരുന്ന തളിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് നാണംകെട്ട് ഇറങ്ങേണ്ട അവസ്ഥ ഉണ്ടാക്കരുതെന്നും തളിക്കുളം മണ്ഡലം കോൺഗ്രസ്സ് നടത്തിയ പത്താം കല്ല് ബീച്ച് റോഡ് ഉപരോധ സമരം ഉത്ഘാടനം ചെയ്തു കൊണ്ട് സുനിൽ ലാലൂർ പറഞ്ഞു.
തളിക്കുളം മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.എസ്. സുൽഫിക്കർ അധ്യക്ഷത വഹിച്ച സമരത്തിൽ നാട്ടിക ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് പി.ഐ. ഷൗക്കത്തലി മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ്സ് നേതാകളായ ഗഫൂർ തളിക്കുളം, ഹിറോഷ് ത്രിവേണി, മുനീർ ഇടശ്ശേരി, എ.സി. പ്രസന്നൻ, എ.പി. ബിനോയ്, ഷമീർ മുഹമ്മദലി,നീതു പ്രേംലാൽ, പി.കെ. അബ്‌ദുൾ കാദർ, ലിന്റ സുഭാഷ് ചന്ദ്രൻ, സുമന ജോഷി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ, എന്നിവർ സംസാരിച്ചു. വില്ലേജ് ഓഫിസ് മുൻ വശത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് കോൺഗ്രസ്സ് മണ്ഡലം ഭാരവാഹികളായ കെ.ടി. കുട്ടൻ, കെ.എ. ഫൈസൽ, ഷീജ രാമചന്ദ്രൻ, യു.എ. ഉണ്ണികൃഷ്ണൻ, എ.പി. രത്നാകരൻ, മദനൻ വാലത്ത്, കെ.എ. മുജീബ്, താജുദ്ധീൻ കല്ലറക്കൽ, പി.ഡി. ജയപ്രകാശ്, സിന്ധു സന്തോഷ്, എൻ.മദനമോഹനൻ, എ.ടി. നേന തുടങ്ങിയവർ നേതൃത്വം നൽകി.