തളിക്കുളം: തകർന്ന റോഡുകൾ സഞ്ചാര യോഗ്യ മാക്കണമെന്നാവശ്യപ്പെട്ട് ആർഎംപിഐ തളിക്കുളം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തളിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. ആർഎംപിഐ തൃശൂർ ജില്ലാ സെക്രട്ടറി പി.ജെ. മോൺസി ഉദ്ഘാടനം നിർവ്വഹിച്ചു. എൻ.എ. സഫീർ അധ്യക്ഷത വഹിച്ചു. ജല ജീവൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് ഇടുന്നതിനായി കുഴികുത്തി പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിൽ ആക്കുന്നതിന് ആറ് കോടിയിലധികം രൂപ വാട്ടർ അതോറിറ്റി കെട്ടിവെച്ചിട്ടും ആവശ്യമായ നടപടികൾ കൃത്യസമയത്ത് സ്വീകരിച്ചു റോഡുകളുടെ പണിപൂർത്തീകരിക്കുന്നതിന് പകരം പച്ചക്കള്ളം പറഞ്ഞു പരിഹാസ്യരാവുകയുമാണ് പഞ്ചായത്ത് പ്രസിഡൻ്റും സിപിഐഎം നേതൃത്വവും ചെയ്യുന്നതെന്ന് പി.ജെ. മോൺസി പറഞ്ഞു.
നാട്ടിക മേഖല കമ്മിറ്റി സെക്രട്ടറി കെ.എസ്. ബിനോജ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.പി. പ്രിയരാജ്, സ്നേഹലിജി, എം.വി. മോഹനൻ എന്നിവർ സംസാരിച്ചു. ജീവനക്കാരെ ഓഫീസിലേക്ക് പ്രവേശിപ്പിക്കാതെ രാവിലെ 9 ന് തുടങ്ങിയ ഉപരോധം 11 മണിയോടെ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. സംസ്ഥാന പ്രസിഡൻ്റ് ടി.എൽ. സന്തോഷ്, ജില്ലാ സെക്രട്ടറി പി.ജെ. മോൺസി, മേഖല സെക്രട്ടറി കെ.എസ്. ബിനോജ് അടക്കം മുപ്പതോളം പേരെ വലപ്പാട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.