അന്തിക്കാട്: മുറ്റിച്ചൂർ പടിയം ശ്രീനാരായണ ഗുരുദേവ മന്ദിരത്തിന്റെ സുവർണ്ണജൂബിലി ആഘോഷ പരിപാടിക്ക് ഗുരു ജയന്തി ദിനമായ ചൊവ്വാഴ്ച തുടക്കം കുറിക്കുമെന്ന് ആഘോഷ കമ്മറ്റി പ്രസിഡന്റ് ടി.കെ. സോമൻ, സെക്രട്ടറി സി.എസ്. ശിവരാമൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഗുരുപൂജ, പ്രഭാഷണം, തിരുവാതിരകളി, സാംസ്കാരിക സമ്മേളനം, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കും വ്യത്യസ്ത മേഖലകളിൽ പ്രതിഭ തെളിയിച്ചവർക്കും ആദരം, പൂജവെപ്പ് എന്നിവയാണ് ആഘോഷത്തിന്റെ ഭാഗമായി നടത്തുക. ഘോഷയാത്രയിലെ വാദ്യമേളം ഒഴുവാക്കി അതിനായി മാറ്റി വെച്ച 50000 രൂപ വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നതിനായി സി.സി. മുകുന്ദൻ എം എൽ എക്ക് കൈമാറും. ചൊവ്വാഴ്ച വൈകിട്ട് 5 ന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുരളി പെരുനെല്ലി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. അടുത്ത മാസം 21 ഉം ഒക്ടോബർ 13 നും ആഘോഷ പരിപാടികൾ നടത്തും. വാർത്താ സമ്മേളനത്തിൽ ഗുരുകുലം ലൈബ്രറി സെക്രട്ടറി ടി.എസ്. പ്രദീപും പങ്കെടുത്തു.