പാവറട്ടി: പെരിങ്ങാട് പുഴ തീരദേശ സംരക്ഷണ സമിതി കേന്ദ്ര ഫിഷറീസ് മന്ത്രിക്ക് നേരിട്ട് നൽകിയ നിവേദനത്തിന്റെ ഭാഗമായി ഫിഷറീസ് ഉദ്യോഗസ്ഥർ പാവറട്ടി, മുല്ലശേരി വെങ്കിടങ് പഞ്ചായത്തുകളിൽ തീരദേശ സന്ദർശനം നടത്തി. റിസർവ് വനമാക്കി നോട്ടിഫിക്കേഷൻ വന്ന പെരിങ്ങാട് പുഴയുടെ തീരദേശങ്ങളിലാണ് സന്ദർശനം നടത്തിയത്. മത്സ്യത്തൊഴിലാളികളുമായി നേരിട്ട് സംസാരിക്കുകയും അവരുടെ പരാതികൾ രേഖപ്പെടുത്തുകയും ചെയ്തു. സംസ്ഥാന സർക്കാറിന് വേണ്ടി ‘കുഫോസ്’ ചേറ്റുവ പെരിങ്ങാട് പുഴയിൽ നടത്തിയ പഠനത്തിൽ പുഴയുടെ ആഴം കുറഞ്ഞത് മത്സ്യ സമ്പത്ത് ഇല്ലാതാവാൻ കാരണമായി എന്ന് കണ്ടെത്തിയിരുന്നു.
ചളി മൂടി നീരൊഴുക്ക് നിലച്ചതോടെ ഇടിയൻചിറ റെഗുലേറ്ററിലൂടെ വരുന്ന വലിയ അളവിലുള്ള വെള്ളം ഉൾക്കൊള്ളാൻ സാധിക്കാതെ തീരദേശ പ്രദേശങ്ങളിൽ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും സാധാരണയായി. പെരിങ്ങാട് പുഴയെ റിസർവ് വനമാക്കിയ നോട്ടിഫിക്കേഷൻ പിൻവലിച്ച് പുഴയെ പുഴയായി സംരക്ഷിക്കണം എന്ന് തീരദേശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഫിഷറീസ് എക്സ്റ്റൻഷൻ അസിസ്റ്റന്റ് ഓഫിസർ ടോണി ജോസഫ്, പ്രമോട്ടർ ശ്രീശുകൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സന്ദർശനം നടത്തിയത്. പെരിങ്ങാട് പുഴ തീരദേശ സംരക്ഷണ സമിതി കമ്മറ്റി അംഗങ്ങളായ അബു കാട്ടിൽ, ഷൈജു തിരുനല്ലൂർ, രാധാകൃഷ്ണൻ, അബ്ദുൽ അസീസ്, പാരമ്പര്യ മത്സ്യതൊഴിലാളി പ്രതിനിധികൾ എന്നിവരുമായും ഉദ്യോഗസ്ഥർ ചർച്ചകൾ നടത്തി.