അന്തിക്കാട്: മുറ്റിച്ചൂർ – പുലാമ്പുഴ റോഡ് തകർന്ന് റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടത് യാത്രക്കാർക്ക് ഭീഷണിയായി. മാസങ്ങളായി തകർന്നു കിടക്കുന്ന റോഡിലെ കുഴികളിൽ ഇരുചക്ര വാഹന യാത്രക്കാർ വീഴുന്നത് നിത്യ സംഭവമായി. മുറ്റിച്ചൂർ മസ്ജിദിന് സമീപത്തെ റോഡില കുഴിയിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ പത്തോളം ഇരു ചക്ര വാഹന യാത്രക്കരാണ് വീണ് അപകടം സംഭവിച്ചത്.
റോഡിലെ കുഴിയിൽ വെള്ളം നിറഞ്ഞ് കിടക്കുന്നത് മൂലം കുഴിയുടെ ആഴം തിരിച്ചറിയാനാകാത്തതാണ് അപകടത്തിന് കാരണമാകുന്നത്. റോഡിൻ്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരു മാസം മുൻപ് പഞ്ചായത്ത് അധികൃതർ നാട്ടുകാരുടെ യോഗം വിളിച്ചു ചേർത്ത് ഒരാഴ്ചക്കകം പരിഹാരം കാണുമെന്ന് അറിയിച്ചിരുന്നെങ്കിലും ആഴ്ചകൾ കഴിഞ്ഞിട്ടും യാതൊരു നടപടിയുമുണ്ടായില്ല. പ്രശ്നത്തിൽ ഇടപെട്ടില്ലെങ്കിൽ സമര പരിപാടികൾ ആരംഭിക്കാനാണ് നാട്ടുകാരുടെ നീക്കം. കുഴി രൂപപ്പെട്ട ഭാഗങ്ങളിൽ മുന്നറിയിപ്പ് നൽകാനായി നാട്ടുകൾ തൈകളും മറ്റു മുന്നറിയിപ്പ് ബോർഡുകളും സ്ഥപിക്കുകയാണിപ്പോൾ.