കൊടുങ്ങല്ലൂർ: ക്ഷേമ പെൻഷൻ വിതരണത്തോടൊപ്പം ഭരണപക്ഷ കർഷക സംഘടനയുടെ പേരിൽ നിർബ്ബന്ധിത പിരിവ്, പരാതി ഉയർന്നതോടെ പണം തിരികെ നൽകി ഒത്തുതീർപ്പിന് ശ്രമം. നഗരസഭയിലെ ഇരുപത്തിയഞ്ചാം വാർഡിലാണ് സംഭവം. പെൻഷൻ വിതരണത്തിനെത്തിയ യുവതി സി.പി.ഐയുടെ കർഷക സംഘടനയായ അഖിലേന്ത്യ കിസാൻ സഭയുടെ പേരിൽ നൂറ് രൂപ വീതം പിരിച്ചെടുത്തെന്നാണ് പരാതി.
വയനാട്ടിലേക്കുള്ള ദുരിതാശ്വാസ നിധിയുടെ ഭാഗമായാണ് പിരിവെന്നാണ് ഇവർ പറഞ്ഞത്. എന്നാൽ കിസാൻ സഭയുടെ മെംബർഷിപ്പ് രസീതിയാണ് പണം നൽകിയവർക്ക് നൽകിയത്. നിർബ്ബന്ധിത പിരിവിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് പിരിച്ചെടുത്ത പണം തിരികെ നൽകി പ്രശ്നം ഒത്തുതീർപ്പാക്കാൻ ശ്രമം നടക്കുന്നതായി പറയപ്പെടുന്നു. ക്ഷേമപെൻഷൻ തുകയിൽ നിന്നും നിർബ്ബന്ധ പിരിവ് നടത്തിപ്പിനെതിരെ നടപടി സ്വീകരിക്കണമെന്ന് മഹിളാ കോൺഗ്രസ് മേത്തല മണ്ഡലം പ്രസിഡൻ്റ് സാലി ഫ്രാൻസിസ് ആവശ്യപ്പെട്ടു.